കൊച്ചി: ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ ദിവസങ്ങളായി തുടരുന്ന സസ്പെൻസ് നിലനിർത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. തുടർ രാഷ്ടീയ തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് കെ വി തോമസ് കൊച്ചിയിൽ പറഞ്ഞു. ഇതിനിടെ അനുനയശ്രമങ്ങളുമായി വിളിച്ച കോൺഗ്രസ് നേതാക്കളോട് തന്‍റെ അടുത്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.
കോൺഗ്രസ് ഹൈക്കമാൻഡുമായും സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞുനിൽക്കുന്ന കെ വി തോമസ് നാളെ രാവിലെ 11 മണിക്ക് എല്ലാം പറയാം എന്നാണ് മാധ്യമങ്ങളോട് ആവർത്തിക്കുന്നത്. കെ വി തോമസിന്‍റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരസ്യ നിലപാടെങ്കിലും അനുനയ നീക്കങ്ങൾ പിൻവാതിലിലൂടെ തുടരുന്നുണ്ട്.
കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് സ്ഥാനം, നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം എന്നിവ ഹൈക്കമാൻഡ് വാദ്ഗാനം ചെയ്തെങ്കിലും കെ വി തോമസ് വഴങ്ങിയിട്ടില്ല. ഇതിനിടെയാണ് തന്‍റെ അടുത്ത ബന്ധുവായ വനിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്ന ആവശ്യം കെ വി തോമസ് ഉന്നയിച്ചതെന്ന സൂചന പുറത്തുവന്നത്. എന്നാൽ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ കെ വി തോമസിനേപ്പോലൊരാൾ ഇടതുമുന്നണിയുമായി അടുത്താൽ എറണാകുളത്തും കൊച്ചിയിലും തിരിച്ചടിയുണ്ടാക്കും എന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. എന്നാൽ പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്ന കെ വി തോമസിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ തന്നെ പറയുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി കെവി തോമസിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ആദ്യം താൽപര്യം അറിയിക്കട്ടെ പിന്നീട് നിലപാട് പറയാം എന്നാണ് സിപിഐ പറയുന്നത്. വലിയ താത്പര്യമൊന്നുമില്ല എന്നർത്ഥം. എന്തായാലും ഇപ്പോഴത്തേത് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാനുളള കെ വി തോമസിന്‍റെ സമ്മർദ്ദ തന്ത്രത്തിന്‍റെ ഭാഗമെന്ന നിലപാടിലാണ് യുഡിഎഫ്. അതനുസരിച്ചുള്ള അനുനയനീക്കങ്ങളുമായി അവർ മുന്നോട്ടുപോകുകയും ചെയ്യുന്നു. ഏറെക്കാലം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച കെ വി തോമസ് ഒടുവിൽ പാർട്ടി വിടുമോ? അറിയാം, നാളെ രാവിലെ 11 മണിക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam