സെൻസസിനോട് സഹകരിക്കില്ലെന്ന് കൊടുവള്ളി നഗരസഭ, പ്രമേയം പാസ്സാക്കി

By Web TeamFirst Published Jan 30, 2020, 1:49 PM IST
Highlights

ദേശീയ പൗരത്വ റജിസ്റ്ററിന് വേണ്ട ചോദ്യങ്ങളുമായി വിവരശേഖരണത്തിന് ഉത്തരവിട്ടതിന്‍റെ പേരിൽ മുൻസിപ്പാലിറ്റി ഹെഡ് ക്ലാർക്ക് ഹസ്സൻകുട്ടിയെ സസ്പെൻഡ് ചെയ്തു. സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് നഗരസഭ. 

കോഴിക്കോട്: സെൻസസിനോട് പൂർണമായും നിസ്സഹകരണം പ്രഖ്യാപിച്ച് കൊടുവള്ളി നഗരസഭ. ദേശീയ പൗരത്വ റജിസ്റ്ററും സെൻസസും വെവ്വേറെയാണെന്നും, രണ്ടിനുമായി ശേഖരിക്കുന്ന വിവരങ്ങൾ പരസ്പരം ഉപയോഗിക്കില്ലെന്നും സംസ്ഥാനസർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കുന്നതുവരെ സെൻസസ് നടപടികൾ നിർത്തി വയ്ക്കുമെന്ന് കൊടുവള്ളി നഗരസഭ പ്രമേയം പാസ്സാക്കി. എൻപിആർ വിവരശേഖരത്തിന് നിർദേശം നൽകിയ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ നൽകാനും കൊടുവള്ളിയിൽ ചേർന്ന നഗരസഭാ യോഗം തീരുമാനിച്ചു.

ഇതിനിടെ കൊടുവള്ളി നഗരസഭ ഭരിക്കുന്ന യുഡിഎഫിന്‍റെ ഭരണസമിതി സഹായിക്കുകയാണെന്ന് ആരോപിച്ച് ഇടതുമുന്നണി യോഗത്തിൽ ബഹളം വച്ചു. എന്നാൽ അത്തരം ഒരു നടപടികളുമുണ്ടാകില്ലെന്ന് ഭരണസമിതി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈ വാക്കിൽ വിശ്വാസമില്ലെന്ന് ആരോപിച്ച് ഇടതുമുന്നണി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

അതേസമയം, പ്രമേയം പാസ്സാക്കിയ ശേഷം, സംസ്ഥാനസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നഗരസഭാ വൈസ് ചെയർമാൻ എ പി മജീദും മറ്റ് ഭരണസമിതി അംഗങ്ങളും രംഗത്തെത്തി. പ്രകടമായി പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരെ പ്രസ്താവന നടത്തുമ്പോഴും സർക്കാർ രഹസ്യമായി എൻപിആറിന് വേണ്ടി നിർദേശം നൽകുകയാണെന്നാണ് എ പി മജീദ് ആരോപിച്ചത്. അതിനാലാണ് സെൻസസുമായിത്തന്നെ സഹകരിക്കേണ്ടതില്ലെന്ന് പ്രമേയം പാസ്സാക്കിയതെന്നും എ പി മജീദ് വ്യകമതാക്കി. 

ദേശീയ പൗരത്വ റജിസ്റ്ററിന് വേണ്ട ചോദ്യങ്ങളുമായി വിവരശേഖരണത്തിന് ഉത്തരവിട്ടതിന്‍റെ പേരിൽ മുൻസിപ്പാലിറ്റി ഹെഡ് ക്ലാർക്ക് ഹസ്സൻകുട്ടിയെയാണ് നഗരസഭ സസ്പെൻഡ് ചെയ്തിരിക്കുന്നത്. നഗരസഭാ സൂപ്രണ്ട് മധുവിനെ സസ്പെൻഡ് ചെയ്യാൻ നഗരസഭ ശുപാർശ ചെയ്യുകയും ചെയ്തു. സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യാൻ നഗരസഭയ്ക്ക് അധികാരമില്ലെന്നും തദ്ദേശഭരണവകുപ്പിനോട് സസ്പെൻഷന് ശുപാർശ നൽകുകയാണ് ചെയ്തതെന്നും നഗരസഭാ അംഗങ്ങൾ വ്യക്തമാക്കുന്നു. 

എൻപിആർ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിർദ്ദേശം അടിസ്ഥാനമാക്കി മഞ്ചേരി നഗരസഭ സെക്രട്ടറി സെൻസസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്ത് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായതോടെ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന വിശദീകരണവുമായി മലപ്പുറം കളക്ടർ ജാഫർ മാലിക് രംഗത്തെത്തുകയും ചെയ്തു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ കേരളം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടി തുടങ്ങിയതായി മുമ്പ് താമരശ്ശേരി തഹസിൽദാർ നോട്ടീസിറക്കിയത് വിവാദമായിരുന്നു. ഈ നോട്ടീസ് തള്ളിക്കൊണ്ട് ഈ മാസം പതിനാറിന് പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർമാർക്ക് അയച്ച കത്താണിത്. 

:പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ കളക്ടർമാർക്ക് നൽകിയ കത്ത്

എൻപിആർ നടപടിയുമായി ഉദ്യോഗസ്ഥർ മുന്നോട്ടുപോയാൽ നടപടിയുണ്ടാകുമെന്ന് കത്തിൽ പറയുന്നു. ഇതേ സമയം തന്നെയാണ്  എൻപിആർ നടപടികൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതുമായി  ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ കത്ത് നൽകുന്നത്. ഇത് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ലഭിച്ച സാഹചര്യത്തിൽ ഇനിയെന്ത് വേണമെന്നതിൽ കൃത്യമായ ഒരു നിർദേശം സംസ്ഥാനസർക്കാർ നൽകിയിട്ടില്ല. അതേസമയം, എൻപിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം നവംബർ 12-ന് സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനം ഇതുവരെ റദ്ദാക്കിയിട്ടില്ല എന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 

വിജ്ഞാപനം റദ്ദാക്കുന്നതിന് ഒപ്പം എൻപിആറും സെൻസസും വെവ്വേറെയാണെന്ന് വ്യക്തമാക്കുന്ന കൃത്യമായ ഉത്തരവ് സർക്കാർ ഇറക്കണമെന്നാണ് കൊടുവള്ളി നഗരസഭയടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. 

അതേസമയം, ജനസംഖ്യാ രജിസ്റ്ററുമായി  സഹകരിക്കില്ല എന്ന് നേരത്തേ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ജനസംഖ്യാ രജിസ്റ്ററിലെ ഒരു ചോദ്യവും കേരളത്തില്‍ ചോദിക്കില്ലെന്നും ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

click me!