
കോട്ടയം: എംഎൽഎ സ്ഥാനം രാജിവെക്കാൻ ആലോചിച്ചിട്ടില്ല എന്ന് മാണി സി കാപ്പൻ. അത്തരം ഒരു കീഴ്വഴക്കം കേരള കോൺഗ്രസ് കാണിച്ചിട്ടില്ലെന്നാണ് കാപ്പന്റെ ന്യായീകരണം. തന്റെ ഒപ്പമുള്ളവർ സർക്കാരിൽ നിന്ന് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പൻ അറിയിച്ചു.
എൻസിപി ദേശീയ നേതൃത്വം എൽഡിഎഫിനൊപ്പമാണെന്ന് കാപ്പൻ സമ്മതിച്ചു എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറാതിരിക്കാൻ കഴിയില്ലെന്ന് പവാറിനെ അറിയിച്ചുവെന്നാണ് കാപ്പൻ പറയുന്നത്.
സർക്കാരിൽ നിന്നും കിട്ടിയ ബോർഡ് കോർപറേഷൻ അധ്യക്ഷ സ്‌ഥാനങ്ങളും പാർട്ടി സാധനങ്ങളും രാജി വയ്ക്കുമെന്ന പറഞ്ഞ കാപ്പൻ എംഎൽഎ സ്‌ഥാനം രാജി വക്കില്ലെന്നും വ്യക്തമാക്കി. മുന്നണി വിടുമ്പോൾ എംൽഎ സ്ഥാനം രാജിവയ്ക്കണമെങ്കിൽ റോഷി അഗസ്റ്റിനും തോമസ് ചാഴികാടനുമൊക്കെ രാജി വക്കണ്ടേ എന്നാണ് കാപ്പൻ ചോദിക്കുന്നത്. ആത്മാഭിമാനം ഉണ്ടെങ്കിൽ അവർ ആദ്യം രാജി വെക്കട്ടെയെന്നും കാപ്പൻ പറഞ്ഞു. ജോസ് കെ മാണി മാസങ്ങൾ കഴിഞ്ഞല്ലേ രാജി വച്ചതെന്നും കാപ്പൻ ചോദിക്കുന്നു.
പുതിയ പാർട്ടി രൂപീകരിച്ച് ഘടക കക്ഷിയായി യുഡിഎഫിൽ നിക്കുമെന്നാണ് കാപ്പൻ വ്യക്തമാക്കുന്നത്. നാളെ യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കും പേരും നാളെ അറിയിക്കും. സംസ്‌ഥാന ഭാരവാഹികളിൽ 11 പേർ ഒപ്പം ഉണ്ടെന്നാണ് അവകാശവാദം.
ജനങ്ങളുടെ കോടതി ജോസ് കെ മാണിക്ക് മറുപടി കൊടുക്കുമെന്ന് പറഞ്ഞ കാപ്പൻ പാലാ താൻ പിടിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam