
തിരുവനന്തപുരം :ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു. വലിയ അബദ്ധം ഒന്നും ശശി തരൂർ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും കെ സുധാകരൻ പറഞ്ഞു.
മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുഭവ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിൽ കുറച്ചുകാലമായി വീഴ്ചയുണ്ടായി. അതിൽ ഖേദമുണ്ടെന്നും കോഴിക്കോടെത്തി മുല്ലപ്പള്ളിയെ നേരിട്ട് കണ്ട ശേഷം സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളിയുമായി പ്രശ്നങ്ങൾ ഒന്നുമില്ല. ഞങ്ങൾ ഒരു അമ്മ പെറ്റ മക്കളെ പോലെയാണ്. ഒരു കാരണവശാലും മുല്ലപ്പള്ളിയെ കൈവിടില്ല. ഇടത് സർക്കാരിനെ താഴെ ഇറക്കാൻ ഒരു മൊട്ടുസൂചി ആയുധമാക്കേണ്ടി വന്നാൽ അതും ചെയ്യും. എല്ലാ നേതാക്കളെയും നേരിൽ കണ്ട് സംസാരിക്കും. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് വന്നിട്ടുണ്ട്. അത് പരിഹരിക്കാൻ വൈകിയത് മനപ്പൂർവമല്ല. അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
സുധാകരനുമായി പണ്ടേ ഉള്ള ബന്ധമുണ്ടെന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ് മാത്രമാണ് ഉണ്ടായതെന്നും മുല്ലപ്പള്ളിയും പ്രതികരിച്ചു. അത് പരിഹരിക്കാൻ സുധാകരൻ മുൻ കൈ എടുത്തു. ഞങ്ങൾ രണ്ടു പേരും ഏകാധിപത്യ പോരാട്ടത്തിൽ മുൻനിരയിൽ നിന്നവരാണ്. പാർട്ടിയിലെ അസ്വാരസ്യങ്ങൾ ശാശ്വതമായി പരിഹരിക്കാനാണ് ദില്ലിയിൽ നിന്നുള്ള നിർദ്ദേശം. ഐക്യ സന്ദേശം കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കൾക്കും ദില്ലിയിൽ നിന്നും ലഭിച്ചിട്ടിണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam