
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി അംഗം നിഖിൽ പൈലി. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പൊലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഎഫ് സർക്കാർ മാനേജ്‌മെന്റ് ക്വോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് നിഖിൽ പൈലി വ്യക്തമാക്കി. ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയെന്നാണ് വിമർശനം. 10 വർഷം എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960 ൽ കെഎസ്‍യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ലെന്ന് നിഖിൽ പൈലി പറഞ്ഞു. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലതെന്ന മുന്നറിയിപ്പും നൽകി.
"കെഎസ്‍യു പ്രസിഡന്റ് അലോഷി സേവ്യറിനോട് നീരസം തോന്നിയിട്ടോ അയാളെ പൊങ്കാല ഇട്ടിട്ടോ കാര്യമില്ല അയാൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അയാൾ പറയുന്നതിലും കാര്യമുണ്ട്. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പോലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും സമരങ്ങൾ നടത്തിയതിന്റെ പേരിൽ കോടതി കയറി ഇറങ്ങുന്നവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഫ് സർക്കാർ മാനേജ്‌മെന്റ് കോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടേൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യും. സർക്കാരിന് തെറ്റ് പറ്റിയാൽ അത് തിരുത്തിക്കാൻ ആണ് അണികൾ. അണികൾ ഉണ്ടേൽ മാത്രമേ പാർട്ടി ഉള്ളൂ. അല്ലാതെ നേതാക്കൾ മാത്രം വെള്ള ഷർട്ട് ഇട്ട് നടന്നാൽ പാർട്ടി ഉണ്ടാകില്ല പാർട്ടി വളരില്ല. പത്ത് വർഷങ്ങൾ എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960 ൽ കെഎസ്‍യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ല. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്"
"വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും കെ എസ് യു ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ കെ എസ് യുക്കാരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെ എസ് യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്. വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു ഡി എഫ് സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ കെ എസ് യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്. എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam