
തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തിന് മേലുള്ള തർക്കം അവസാനിച്ചെങ്കിലും, കോൺഗ്രസിന് തലവേദനയായി മന്ത്രിസ്ഥാനത്തിന് മേലുള്ള തർക്കം. മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതോടെ ഇടഞ്ഞ്, പിന്നീട് അനുനയത്തിലേക്കെത്തിയ രമേശ് ചെന്നിത്തല പക്ഷം ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും സംസാരിക്കും. ഇന്നലെ ചെന്നിത്തലയെ സതീശൻ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ ചെന്നിത്തലയോട് അഭ്യർത്ഥിച്ചു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുക്കുകയും ചെയ്തു. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്തിരുന്നത്. അതിനാൽ ആഭ്യന്തരത്തിൽ കുറഞ്ഞതൊന്നിലും വഴങ്ങില്ലെന്ന നിലപാടിലുറച്ചാണ് ചെന്നിത്തല പക്ഷം നിൽക്കുന്നത്.
നേരത്തെ ഒരു ഘട്ടത്തിൽ മന്ത്രി സ്ഥാനത്തേക്കില്ലെന്ന നിലപാട് ചെന്നിത്തല സ്വീകരിച്ചേക്കുമെന്ന വിവരം പുറത്ത് വന്നിരുന്നു. ചെന്നിത്തല മന്ത്രിസഭയിൽ വേണമെന്ന് ഘടക കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. യു. ഡി. എഫ് മുന്നണിയുടെ കരുത്തിനും ഭരണമികവിനും ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഘടകകക്ഷികൾ ശക്തമായി വാദിക്കുന്നു. കോൺഗ്രസ് കേന്ദ്ര നേതൃത്വവും മുതിർന്ന നേതാക്കളും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള അനുനയ ചർച്ചകൾ നടത്തുന്നുണ്ട്.
കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിമാരെയും അവർക്കുള്ള വകുപ്പുകളെയും കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് തന്നെയുണ്ടാകും. മുന്നണിയിലെ പ്രധാന കക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ തന്നെ ലഭിക്കാനാണ് ശക്തമായ സാധ്യത. ലീഗ് നേതൃത്വം ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് അംഗീകരിച്ചതായാണ് സൂചന. ഇന്ന് വൈകുന്നേരത്തോടെ മുന്നണി നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam