കൊറോണ: സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ, വ്യാജവാർത്തകൾ അരുതെന്ന് മന്ത്രി

By Web TeamFirst Published Jan 31, 2020, 2:24 PM IST
Highlights

കൊറോണ രോഗബാധിതയായ വിദ്യാർത്ഥിനിയുടെ നില തൃപ്തികരം തന്നെയാണെന്നും മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുകയാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. 

തൃശ്ശൂർ: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും നി‍ർദേശങ്ങൾ നൽകിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും. പ്രതിരോധപ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളെക്കൂടി പങ്കാളികളാക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി. കൊറോണ രോഗബാധിതയായ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. വിശദമായ വിവരങ്ങൾക്കായി ഇന്ന് വൈകിട്ട് ഏഴ് മണിക്ക് വീണ്ടും വാർത്താ സമ്മേളനമുണ്ടാകും.

അതേസമയം, ചൈനയിൽ നിന്ന് വരുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ചൈനയിൽ നിന്ന് വന്നവരെല്ലാവരും രോഗവാഹകരല്ല. അവരെ ആശുപത്രികളിലെത്തിക്കാനുള്ള നടപടികളുണ്ടാകണം. പൊതുജനങ്ങൾ തന്നെ ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരോട് ആശുപത്രികളിൽ പോകാനും ചികിത്സ സ്വീകരിക്കാനും പറയണം. അത് ഒറ്റപ്പെടുത്തുന്ന തരത്തിലാകരുത് എന്നും കെ കെ ശൈലജ വ്യക്തമാക്കി. 

Read more at: 'തൊണ്ട നനച്ചുകൊണ്ടിരിക്കണം, മദ്യവും രസവും വൈറസിനെ തടയും'; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമിതാണ്

അതേസമയം, കൊറോണ രോഗബാധ സംബന്ധിച്ച് വ്യാജവാർത്ത പരത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എങ്ങനെയാണ് രോഗം പകരുന്നത്, എങ്ങനെ ജാഗ്രത പാലിക്കണമെന്നതിന് കൃത്യമായി വിവരങ്ങൾ ശരിയായ രീതിയിൽ നൽകുന്ന മാധ്യമങ്ങളെയോ സർക്കാരിനെയോ ഡോക്ടർമാരെയോ മാത്രമേ ആശയിക്കാൻ പാടുള്ളൂ - കെ കെ ശൈലജ പറഞ്ഞു. 

എല്ലാ ജില്ലകളിലും കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ  ജില്ലകളിലും രണ്ട് ആശുപത്രികള്‍ വീതം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സംശയവും ആശങ്കയും പരിഹരിക്കാന്‍ കോള്‍ സെന്‍ററും തയ്യാറാക്കി.

കുപ്രചരണങ്ങളില്‍ ആശങ്കപ്പെടരുത്. സംശയ നിവാരണത്തിനായി ആരോഗ്യവകുപ്പിന്‍റെ 0471-2552056 എന്ന നമ്പരിലോ 1056 എന്ന 'ദിശ' നമ്പരിലോ ബന്ധപ്പെടാം. സംസ്ഥാനത്ത് കോറോണ  സ്ഥിരീകരിച്ച രോഗിയുമായി  ഇടപഴകിയ വ്യക്തികളും, അവര്‍ സഞ്ചരിച്ച വാഹനങ്ങളും എല്ലാം നിരീക്ഷണത്തിലാണ്. ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. എല്ലാ ജില്ലകളിലും രണ്ട് വീതം ആശുപത്രികള്‍ സജ്ജമാക്കിയതിനൊപ്പം, നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.

ചൈനയില്‍ നിന്ന് ഇന്ത്യയിൽ എത്തിയവരെല്ലാം കൊറോണ വൈറസ് പരിശോധന നടത്തണം. മടങ്ങിയെത്തിയവരെ 28 ദിവസം മാറ്റിത്താമസിപ്പിക്കണം. നിപ ബാധിച്ചവരില്‍ 40 മുതല്‍ 75 ശതമാനം വരെയായിരുന്നു മരണ നിരക്ക്. എന്നാല്‍ കോറോണ ബാധയില്‍ ഇത്  2 മുതല്‍ 4 ശതമാനം വരെ മാത്രമാണ്. അതുകൊണ്ടുതന്നെ ഭീതി വേണ്ട, എന്നാൽ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രോഗബാധിതയായ പെൺകുട്ടിയുടെ നില തൃപ്തികരം

പെൺകുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും. നിലവില്‍ 1053 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇനി 8 പേരുടെ സാംപിള്‍ പരിശോധന ഫലമാണ് ലഭിക്കാനുള്ളത്.

ഇന്ന് രാവിലെ 6.30-ഓടെയാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നിന്നും വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. ഐസൊലേഷൻ വാർഡിൽ 5 ഡോക്ടർമാർ ഉൾപ്പെടെ 30 ജീവനക്കാരെയാണ്  നിയോഗിച്ചിരിക്കുന്നത്. 

അതേസമയം, ചൈനയിൽ നിന്ന് എത്തിയ ഏതാനും വിദ്യാത്ഥികളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ ആകെ 11 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 

click me!