Asianet News MalayalamAsianet News Malayalam

'തൊണ്ട നനച്ചുകൊണ്ടിരിക്കണം, മദ്യവും രസവും വൈറസിനെ തടയും'; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമിതാണ്...

ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച 'കൊറോണ വൈറസ്' സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതിലുള്ള ആശങ്കകളാണ് ഇപ്പോഴും പരത്തുന്നത്. രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് മലയാളി വിദ്യാർത്ഥിക്കാണ്. ഇതോടെ കേരളത്തില്‍ വ്യാജവാര്‍ത്തകളും പഞ്ഞമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്.

fake spreads regarding coronavirus
Author
Thiruvananthapuram, First Published Jan 31, 2020, 10:23 AM IST

ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച 'കൊറോണ വൈറസ്' സാധാരണക്കാര്‍ക്കിടയില്‍ വലിയ തോതിലുള്ള ആശങ്കകളാണ് ഇപ്പോഴും പരത്തുന്നത്. രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചത് മലയാളി വിദ്യാർത്ഥിക്കാണ്. ഇതോടെ കേരളത്തില്‍ വ്യാജവാര്‍ത്തകളും പഞ്ഞമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ്. മദ്യപിച്ചാല്‍ വൈറസ് നശിക്കുമെന്നും നോണ്‍വെജ് ഒഴിവാക്കണമെന്നുമാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ അബദ്ധധാരണകളെ കുറിച്ച് വിശദമാക്കുകയാണ് ഡോക്ടര്‍ രാജീവ് ജയദേവന്‍. 

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...


സത്യവും മിഥ്യയും: കൊറോണ വൈറസിനെ പറ്റി വ്യാജ വാർത്തകൾ തിരിച്ചറിയുക

1. മിഥ്യ (വ്യാജ വാർത്ത): “ബാംഗ്ലൂരിലുള്ള ഹോമിയോ ക്ലിനിക്കിൽ ചികിത്സ കണ്ടുപിടിച്ചിരിക്കുന്നു”.

ജനങ്ങളുടെ ഭയം മുതലെടുത്ത് ചുളിവിൽ പ്രശസ്തി നേടാൻ ചില വ്യക്തികൾ ശ്രമിക്കാറുണ്ട് , ഇത്തരം അവകാശവാദങ്ങളെ തള്ളിക്കളയുക, ഫോർവേഡ് ചെയ്യാതിരിക്കുക. ഹോമിയോപ്പതി ഡോക്ടർമാരുടെ ഔദ്യോഗിക സംഘടനയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇത്തരം വിരുതന്മാർ പ്രവർത്തിക്കുന്നത് എന്നും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

സത്യം: കൊറോണ വൈറസിന് പ്രത്യേക മരുന്നോ വാക്‌സിനോ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. ചൈനയിലാണ് 99% കേസും എന്നോർക്കണം. മറ്റു വൈറസുകൾക്കുള്ള മരുന്നുകൾ കോറോണയ്ക്ക് ഫലിക്കുമോ എന്ന് പരീക്ഷണങ്ങൾ ചൈനയിൽ നടന്നു വരുന്നു. ഫലം അറിവായിട്ടില്ല. അതു കൊണ്ട് "എന്റെ കയ്യിൽ ഇതിനു മരുന്നുണ്ട്" എന്ന് ആരെങ്കിലും അവകാശവാദം ഉന്നയിച്ചാൽ അത് വ്യാജം തന്നെ എന്നോർക്കുക.

2. മിഥ്യ: "തൊണ്ട നനച്ചുകൊണ്ടിരുന്നാൽ കൊറോണ വരില്ല"

സത്യം: കൊറോണയെപ്പറ്റി യാതൊരു അറിവുമില്ലാത്തവർ എന്തും എഴുതുന്ന കാലമാണിത്. തീർത്തും വ്യാജം .

3. മിഥ്യ: "മദ്യപിച്ചാൽ കൊറോണ വൈറസ് നശിച്ചു പൊയ്ക്കൊള്ളും"

സത്യം: മദ്യത്തെ ഏതു വിധേനയും വാഴ്ത്തുന്നവർ അവസരം നോക്കി ഇറക്കിയ പോസ്റ്റ്. വ്യാജം .

4. മിഥ്യ: "നോൺ വെജ് കഴിച്ചാൽ കൊറോണ വരും"

സത്യം: വ്യാജ വാർത്തയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പടർന്ന അനേകം വയറസുകളിൽ ഒന്നാണ് കൊറോണ എന്നത് വാസ്തവം. എന്നാൽ ഇപ്പോൾ അത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കാണ് പകരുന്നത്. അതു കൊണ്ട് നോൺ വെജ് ഭക്ഷണം ഒഴിവാക്കേണ്ട കാര്യമില്ല. ബീഫ് ഫ്രൈ തിന്നാൽ പേ പിടിക്കും എന്നു പറയുന്നതു പോലെയാണിത്, ശുദ്ധ മണ്ടത്തരം.

5. മിഥ്യ: സാധാരണ മാസ്ക്ക് ധരിച്ചാൽ കൊറോണ വരില്ല: തെറ്റ്

സത്യം: പനിയുള്ള രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർ പ്രത്യേക N-95 മാസ്ക്ക് ധരിക്കേണ്ടതാണ്, അത് മുഖത്ത് വിടവില്ലാതെ നന്നായി ഫിറ്റ് ചെയ്യേണ്ടതാണ്. സാധാരണ മാസ്ക്ക് വൈറസിനെ തടഞ്ഞു നിർത്തുകയില്ല, കാരണം അവയുടെ സുഷിരങ്ങളിലും വിടവിലും കൂടി വൈറസ് അടങ്ങിയ ചെറിയ കണങ്ങൾ ഉള്ളിൽ പ്രവേശിക്കും .

അത്യാവശ്യം അറിയേണ്ട മറ്റു കാര്യങ്ങൾ:

1. ഇന്ത്യയിൽ ജനുവരി 30 ന് ആദ്യത്തെ കൊറോണ കേസ് രേഖപ്പെടുത്തി. "ചിലർ നിരീക്ഷണത്തിലാണ് " എന്നു വച്ചാൽ "അവർക്ക് കൊറോണ ഉണ്ട്" എന്നർത്ഥമാക്കരുത്. Pune Institute of Virology ആണ് പരിശോധന നടത്തുന്നത്.

2. ലോകത്ത് ഇന്നു വരെ 7818 കൊറോണ കേസുകൾ സ്ഥിതീകരിച്ചു, അതിൽ 7736 ചൈനയിൽ ആണ് , അവരിൽ 170 പേർ മരണപ്പെട്ടു. (WHO data, 30.1.2020)

3. വൈറസ് ശ്വാസകോശത്തെ സാരമായി ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ARDS, pneumonia എന്നിവ ഗുരുതരമായ സങ്കീർണതകളാണ് .

4. കൃത്യമായ ചികിത്സയില്ലാത്ത കോറോണയുടെ കേസിലും, നിപ്പയുടെ കാര്യത്തിൽ എന്ന പോലെ വൈറസ് പൊതുസമൂഹത്തിൽ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ ഊർജിതമായി കൈക്കൊള്ളുകയാണ് ഇപ്പോൾ വേണ്ടത്. Outbreak തടയാനുള്ള ഫലപ്രദമായ ഉപാധിയാണ് containment. അതു കൊണ്ടാണ് വൈറസ് ബാധയുണ്ടോ എന്നു സംശയം തോന്നുന്ന രോഗികളെ നിരീക്ഷിക്കുന്നത്.

5. ചുമ , തുമ്മൽ എന്നിവ മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി ഒരിക്കലും ചെയ്യരുത് , സ്വന്തം കൈവെള്ളയിലേക്കും അരുത്. കൈമുട്ടു മടക്കി (bent elbow)അതിലേയ്ക്കാണ് ചുമയ്ക്കേണ്ടത് , അങ്ങനെയാവുമ്പോൾ നമ്മുടെ വിരലുകളിൽ വൈറസ് പറ്റിയിരിക്കുകയില്ല, കൈ മറ്റുള്ളവരെ സ്പർശിക്കുമ്പോൾ വൈറസ് പടരുകയുമില്ല.

6. Shake hands പരമാവധി ഒഴിവാക്കുക. ഒരാളുടെ വിരലുകളിൽ പറ്റിയിരിക്കുന്ന വൈറസുകൾ മറ്റൊരാൾക്ക് എളുപ്പം പകർന്നു കൊടുക്കാനുള്ള മാർഗമായാണ് ആധുനിക വൈദ്യശാസ്ത്രം ഹസ്തദാനത്തെ ഇന്നു കാണുന്നത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Shake hands-നു പകരം നിർദോഷകരമായ ഒരു കൂപ്പുകൈ ആവാം.

7. സ്ക്കൂൾ, ഷോപ്പിംഗ് മാൾ, റയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥങ്ങളിലെ ഗോവണിയുടെ റെയ്‌ലിങ്ങ്, ബാത്റൂം വാതിലിന്റെ ഹാൻഡിൽ, കമ്പ്യൂട്ടർ മൗസ് മുതലായ ഇടങ്ങളിൽ മറ്റുള്ളവരോടൊപ്പം നമ്മളും കൈ കൊണ്ടു പിടിക്കാൻ ഇടയാകാറുണ്ട്.

ഇവിടെയൊക്കെ പറ്റിയിരിക്കുന്ന അണുക്കൾക്ക്‌ നമ്മുടെ കൈവിരലുകളിൽ എളുപ്പം കയറിപ്പറ്റാൻ ഇപ്രകാരം സാധിക്കുന്നു. അതിനാൽ, കൈ ഇടയ്ക്കിടയ്ക്ക് കഴുകുന്നത് അണുബാധ ഒഴിവാക്കാൻ ഉപകരിക്കും.

8. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ കഴുകാത്ത കൈ കൊണ്ട് ഇടയ്ക്കിടയ്ക്ക് മൂക്ക്,‌ മുഖം, ചുണ്ട് ഇവയൊക്കെ തൊടുന്നത് അദൃശ്യരായ അനേകം രോഗാണുക്കൾ എളുപ്പത്തിൽ നമ്മുടെ ഉള്ളിൽ കയറാനുള്ള വഴിയൊരുക്കുന്നു.

കൊറോണ, H1N1 വൈറസ് ഭീഷണി ഉണ്ടെങ്കിലും ഇല്ലെങ്കിലും, പനിക്കാലമാവുമ്പോൾ കൈ ഇടയ്ക്കിടക്ക് സോപ്പിട്ടു കഴുകുന്നത് മറ്റുള്ളവരിൽ നിന്നുള്ള വൈറസ്  നമ്മുടെയുള്ളിൽ പ്രവേശിക്കാതിരിക്കാൻ ഉപകരിക്കും.

9. H1N1 ഉൾപ്പെടുന്ന influenza virus family, RSV, Adenovirus മുതലായ അനേകം വൈറസുകൾ മൂലം പനി വരാം. വൈറൽ പനിയുള്ളവർ പനി മാറി രണ്ടു ദിവസമെങ്കിലും കഴിയുന്നതു വരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക എന്നത് എല്ലാവരും അറിയേണ്ട കാര്യമാണ്. പ്രത്യേകിച്ചും സ്‌കൂൾ വിദ്യാർഥികൾ, കാരണം അവർ ക്‌ളാസിലുള്ള മറ്റുള്ളവർക്ക് പനി പടർത്താൻ സാധ്യത കൂടുതലാണ്.

10. ഡോക്ടർമാരുടെ ശ്രദ്ധയ്ക്ക്:

ആരെ സംശയിക്കണം ?

കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ കൊറോണ വൈറസ് രോഗികളുമായി സമ്പർക്കമോ, ചൈനയിലെ വുഹാൻ പ്രവിശ്യയിൽ യാത്രയോ ചെയ്ത ഒരാളിൽ പനി, ചുമ, ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ വന്നാൽ സംശയിക്കേണ്ടതാണ്.

അതിനാൽ പനിയുമായി വരുന്ന രോഗികളുടെ യാത്ര വിവരങ്ങൾ ഡോക്ടർമാർ ചോദിച്ചറിയേണ്ടതാണ്.

സംശയമുണ്ടെങ്കിൽ എന്തു ചെയ്യണം?

കൊറോണ സംശയിക്കുന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പ് നിർദേശിച്ച പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രോഗിയെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യേണ്ടതാണ്. എറണാകുളം ജില്ലയിലെ ഡോക്ടർമാരുടെ സാങ്കേതികമായ ചോദ്യങ്ങൾക്ക് എറണാകുളം നോഡൽ ഓഫീസർ ഡോ ഫത്താഹുദീൻ ‪9847278924‬ മറുപടി നൽകുന്നതാണ്. DHS വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ‬

പുതിയ ഒരു ആരോഗ്യ പ്രശ്നം ചർച്ച ചെയ്യപ്പെടുമ്പോൾ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന അവസ്ഥ നമുക്ക് സുപരിചിതമാണ് . കൊറോണ ഗൗരവമേറിയ ആരോഗ്യ വിഷയമാണ്. WHO, CDC, DHS (directorate of health services), IMA (Indian Medical Association) മുതലായ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാതെ വാർത്തയോ നിർദ്ദേശങ്ങളോ ഉപദേശമോ വായിച്ചാൽ കബളിപ്പിക്കപ്പെടാനും അകാരണമായ ഭയം ഉണ്ടാകാനും കാരണമാകും. അത്തരം വ്യാജ സന്ദേശങ്ങൾ ദയവു ചെയ്‌ത്‌ ഫോർവേഡ് ചെയ്യാതിരിക്കുക.

Follow Us:
Download App:
  • android
  • ios