പെരുന്നാൾ വരെ എല്ലാ കടകളും തുറക്കുമോ? തീരുമാനം വ്യാപാരികളുമായി ചർച്ച ചെയ്ത ശേഷം

By Web TeamFirst Published Jul 15, 2021, 12:46 PM IST
Highlights

ഇളവുകൾക്കായി വിവിധ സംഘടനകൾ ശക്തമായ ആവശ്യം ഉന്നയിക്കുന്നതിനിടെ ചേർന്ന മന്ത്രിസഭാ യോഗം പക്ഷെ ഇക്കാര്യം പരിഗണിച്ചില്ല. എന്നാൽ വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നകാര്യം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. ഇളവുകൾ ആലോചിക്കാൻ നാളെ അവലോകനയോഗം ചേർന്നേക്കും. പെരുന്നാൾ വരെ എല്ലാം ദിവസവും കടകൾ തുറക്കുന്നതിൽ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്.

ഇളവുകൾക്കായി വിവിധ സംഘടനകൾ ശക്തമായ ആവശ്യം ഉന്നയിക്കുന്നതിനിടെ ചേർന്ന മന്ത്രിസഭാ യോഗം പക്ഷെ ഇക്കാര്യം പരിഗണിച്ചില്ല. എന്നാൽ വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുണ്ട്. 

ശനിയാഴ്ച ചേരാനിരുന്ന ലോക്ക്ഡൗൺ അവലോകനയോഗം നാളെ ചേരാനാണ് സാധ്യത. നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ച. കടകൾ നിർബന്ധപൂർവ്വം തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയ വ്യാപാരികൾ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. 

ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ആരാധനാലയങ്ങളിൽ കൂടുതൽ പേരെ നമസ്ക്കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലധ്യക്ഷന്മാരും സംഘടനകളും ആവശ്യപ്പെടുന്നു. രണ്ടും പരിഗണിച്ച് എതിർപ്പുകൾ ഒഴിവാക്കുന്നതിനെ കുറിച്ചാണ് സർക്കാറിന്‍റെ ആലോചന. അതേസമയം ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുന്നതാണ് സർക്കാർ പ്രധാനമായും നേരിടുന്ന പ്രശ്നം. 

'നയപരമായ തീരുമാനമെടുക്കണം': ഹൈക്കോടതി

കടകള്‍ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് ഹൈക്കോടതി. തുണിക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. 

കേരള ടെക്സ്റ്റൈൽസ് ആന്‍റ് ഗാർമെന്‍റ്സ് ഡീലേഴ്സ് അസോസിയേഷൻ ആണ് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വ്യാപാരികളുടെയും ജീവനക്കാരുടെയും നിലനിൽപ്പിന്‍റെ പ്രശ്നമാണിതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. 

കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ട സമയമായെന്നും കോടതി ഓര്‍മിപ്പിച്ചു. ഈ ഘട്ടത്തിലാണ് കൊവിഡ് നിയന്ത്രണമുണ്ടെന്ന് പറയുമ്പോഴും പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടങ്ങളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. മാസ്ക് ഒരു ശീലമായി മാറിക്കഴിഞ്ഞതിനാല്‍ കൊവിഡ് പ്രതിരോധത്തിനായി അത് മാത്രം ഉപയോഗിക്കുന്നു. 

കേരളത്തിന്‍റെ പൊതു ഇടങ്ങളിലെ കാഴ്ച ഇതാണെന്ന് ജസ്റ്റിസ് ടിആര്‍ രവി ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി‌ന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കുന്നത് വിദഗ്ദ സമിതിയാണെന്നും, സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുക മാത്രമാണ്  ചെയ്യുന്നതെന്നും ഗവണ്‍മെന്‍റ് കോടതിയെ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!