
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് രാജ്‍കുമാറിന്‍റെ കുടുംബം. സർക്കാർ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായും രാജ്‍കുമാറിന്‍റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. തൽക്കാലം നടപടി ആവശ്യപ്പെട്ട് നാളെ സമരം തുടങ്ങില്ലെന്നും സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ മാത്രം സമരമെന്നും രാജ്‍കുമാറിന്‍റെ ഭാര്യ വിജയമ്മ അറിയിച്ചു.
മുഖ്യമന്ത്രിയെ കണ്ടതിൽ പൂർണ സംതൃപ്തിയുണ്ട്. എല്ലാ ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വിജയമ്മ പറഞ്ഞു.
ജൂൺ 12-നാണ് ഹരിത ഫൈനാൻസ് ചിട്ടി തട്ടിപ്പിൽ പ്രതിയാക്കി രാജ്‍കുമാറിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 15-ന് രാത്രിയില്‍ മാത്രമാണ് പൊലീസ് രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നത്. ജൂണ്‍ 16-ന് രാത്രി 9.30-നു രാജ്‍കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 21-ന് ആരോഗ്യ നില മോശമായതിനെത്തുടർന്ന് രാജ്‍കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് രാജ്‍കുമാർ മരിച്ചത്.
രാജ്‍കുമാറിന് ഏറ്റത് മൃഗീയ മർദ്ദനമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് നേരത്തേ പുറത്തു വന്നിരുന്നു. ഗുരുതരമായ ആന്തരിക മുറിവുകൾ രാജ്‍കുമാറിന്‍റെ ശരീരത്തിലുണ്ടായിരുന്നെന്നും, ഇതിന് കാരണം ക്രൂരമായ മർദ്ദനമായിരുന്നെന്നും തെളിയിക്കുന്നതാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്.
രാജ്‍കുമാറിന്‍റെ ശരീരത്തിൽ ഗുരുതരമായ ആന്തരിക മുറിവുകളുണ്ടായിരുന്നു. ഈ മുറിവുകളുണ്ടാകാൻ കാരണം മൃഗീയമായി മർദ്ദനമേറ്റതാണ്. രാജ്‍കുമാറിന്‍റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരിക്കുകളും ഉണ്ട്. തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും കാണാം. മരണകാരണം ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യൂമോണിയയാണെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പറയുന്നു.
രാജ്‍കുമാറിന്‍റെ മൂത്രസഞ്ചി കാലിയായിരുന്നുവെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്. മൂത്രസഞ്ചി വരണ്ടിരുന്നതിനാൽ നിർജലീകരണം സംഭവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. ദാഹിച്ചു വരണ്ട് നിലവിളിച്ചപ്പോൾ പൊലീസ് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ലെന്ന് നേരത്തേ രാജ്‍കുമാറിന്‍റെ സഹ തടവുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
രാജ്‍കുമാറിന്‍റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. പൊലീസ് ആരോപിക്കുന്നത് പോലെ നാട്ടുകാർ തല്ലിയതാണെങ്കിൽ ദേഹത്തെമ്പാടും പരിക്കുകളുണ്ടാകണമായിരുന്നു. എന്നാൽ അരയ്ക്ക് താഴെ കാൽവെള്ളയിലും തുടയിലുമാണ് രാജ്‍കുമാറിന് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്. അതായത് കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്‍കുമാറിന് മർദ്ദനമേറ്റിരിക്കുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam