മീനിന് ന്യായ വില ഉറപ്പാക്കും; തൊഴിലാളികളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published Apr 10, 2020, 4:01 PM IST
Highlights

എല്ലാ ദിവസവും സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി തത്സമയം ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക പരിപാടിയാണ് 'കരകയറാൻ' ഇന്ന് അഥിഥിയായെത്തിയത് മന്ത്രി മേഴ്സിക്കുട്ടിയമ്മയായിരുന്നു. 

തിരുവനന്തപുരം: നഗരത്തിൽ കോട്ടൺ ഹില്ലിനടുത്ത് മീൻ വിറ്റുകൊണ്ടിരുന്ന തിരുവനന്തപുരം സ്വദേശി എലിസബത്തിന് മന്ത്രിയോട് പറയാനുണ്ടായിരുന്നത് വിൽപ്പനയ്ക്ക് മീൻ ലഭിക്കുന്നില്ല എന്നായിരുന്നു. നീണ്ടകരയിൽ പോയി മീൻ വാങ്ങി വഴുതക്കാട് കൊണ്ട് വന്ന് കച്ചവടം ചെയ്യുകയായിരുന്നു ഇവർ. ഇപ്പോൾ മീൻ കിട്ടുന്നില്ലെന്ന ഇവരുടെ പരാതിക്ക് മേഴ്സിക്കുട്ടിയമ്മക്ക് പറയാനുണ്ടായിരുന്നത് ഇത് നീണ്ടകര തുറമുഖത്തെ മാത്രം താൽക്കാലിക പ്രശ്നമാണെന്നായിരുന്നു. 

ലേലം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി മറ്റ് തുറമുഖങ്ങളിലെല്ലാം ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തിൽ മാനേജ്മെന്‍റ് സൊസൈറ്റികൾ രൂപീകരിക്കുകയും ഇത് വഴി വില നിശ്ചയിച്ച് മത്സ്യം തൊഴിലാളികളിൽ നിന്ന് വാങ്ങുന്ന സംവിധാനം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ  തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ഈ സംവിധാനം നടപ്പാക്കാൻ കഴിയാതിരുന്നത്. ഇത് ഈസ്റ്റർ കഴിയുന്നതോടെ ശരിയാക്കാൻ പറ്റുമെന്നാണ്  പ്രതീക്ഷയെന്നും ഈ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. 

നെന്മാറ സ്വദേശി അബ്ദുൾ റഹ്മാന് ചോദിക്കാനുണ്ടായിരുന്നത് മീൻ പിടിക്കാൻ പോകാതെ ഇരിക്കുന്ന സമയത്ത് പണിയായുധങ്ങൾ വിൽക്കുന്ന കടകൾ തുറക്കമോ എന്നായിരുന്നു. ഇക്കാര്യത്തിൽ ചെറിയ ഇളവുകൾ ആകാമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും ലോക് ഡൗണിന്‍റെ കാര്യത്തിൽ തീരുമാനമായാല്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ്ജിന് ചോദിക്കാനുണ്ടായിരുന്നത് താൽക്കാലികമായി രണ്ടായിരം രൂപ നൽകുന്നത് ആശ്വാസമാണെങ്കിലും ഇതിന് ശേഷവും മത്സ്യ ലഭ്യത ഇല്ലെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു. അതുപോലെ വിൽക്കുന്ന മത്സ്യത്തിനേക്കാൾ വിലയിലാണ് ഇപ്പോഴും മത്സ്യം മാർക്കറ്റിൽ വിൽക്കുന്നത് എങ്ങനെയാണ് തൊഴിലാളികൾക്ക് മാർക്കറ്റിൽ കൂടി ഇടപെടാൻ സാധിക്കുകയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. മത്സ്യത്തൊഴിലാളി ക്ഷേമ നിധിയിൽ പണമില്ലെന്നും ചാൾസ് ചൂണ്ടിക്കാട്ടി. 

തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പ് നൽകി. മത്സ്യഫെഡിന്‍റെ ഇടപെടലിലൂടെ ലേലം അവസാനിപ്പിക്കുകയും മത്സ്യഫെഡ് ഇടപെട്ട് വില നിശ്ചയിക്കുകയും ചെയ്തത് ഗുണകരമായിട്ടുണ്ടെന്നും പുതിയ നിയമ നിർമ്മാണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം മാർക്കറ്റിലെത്തിച്ച് ന്യായ വില ഉറപ്പാക്കാൻ ഇടപെടലുണ്ടാകുമെന്നും തൊഴിലാളികൾ കൊള്ളയടിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിന് തൊഴിലാളികളുടെ പിന്തുണയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ക്ഷേമനിധിയുടെ കാര്യത്തിൽ നിർഭാഗ്യവശാൽ കയറ്റുമതിക്കാർ നൽകേണ്ടതായിട്ടുള്ള തുക നൽക്കാത്ത പ്രശ്നമുണ്ടെന്നും കോടതിയിൽ ഇതിനായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ലേലമൊഴിവാക്കിയപ്പോൾ തന്നെ തൊഴിലാളികൾക്ക് വലിയ മെച്ചമാണ് കിട്ടിയതെന്നും വായ്പ നൽകി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതടക്കമുള്ള വലിയ സംഘമാണ് തൊഴിലാളികൾക്ക് വേണ്ടിയെന്ന തരത്തിൽ സംസാരിക്കുന്നതെന്നും ഇതിൽ ഇടപെട്ട് ഒരു മാറ്റം വരുത്താൻ ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വലിയമാറ്റം ഈ മേഖലയിൽ നടത്തുമെന്നാണ് മന്ത്രിക്ക് ശുഭാപ്തി വിശ്വാസം. 

click me!