നേതൃത്വത്തെ എതിർത്ത സി ദിവാകരനും കെ ഇ ഇസ്മായിലിനുമെതിരെ നടപടി ഉണ്ടാകുമോ?സിപിഐ സംസ്ഥാന കൗൺസിൽ നിർണായകം

By Web TeamFirst Published Oct 4, 2022, 5:36 AM IST
Highlights

ഇന്നലെ രാവിലെ ജില്ലകളിൽനിന്ന് സംസ്ഥാന കൗൺസിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തതോടെ കാനം വിരുദ്ധ ചേരിക്ക് ഏറ്റത് കനത്ത തിരിച്ചടി. അഞ്ചിലേറെ ജില്ലകളിൽ മത്സരമുണ്ടാകുമെന്ന് കരുതിയെങ്കിലും തെരഞ്ഞെടുപ്പ് നടന്നത് എറണാകുളത്ത് മാത്രം. എറണാകുളത്ത് വെട്ടി നിരത്തപ്പെട്ടതാവട്ടെ കാനം വിരുദ്ധ പക്ഷത്തെ പ്രമുഖരും


 തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിൽ കാനം പക്ഷത്തിന്റെ സന്പൂർണ ആധിപത്യമാണ് കാണാനായത്. മറുപക്ഷത്തിന്റെ തന്ത്രങ്ങൾ കൃത്യമായി മനസ്സിലാക്കി കരുക്കൾ നീക്കിയാണ് കാനം രാജേന്ദ്രൻ മൂന്നാവട്ടവും പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിൽ എത്തിയത്. പരസ്യകലാപമുയർത്തിയ സി.ദിവാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്കേ എതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ജില്ലാ സമ്മേളനങ്ങൾ മുതൽ സിപിഐയുടെ സംസ്ഥാന സമ്മേളനം തുടങ്ങും വരെ കാനം നേരിട്ടത് വലിയ വെല്ലുവിളി.മിക്ക ജില്ലകളിലും കാനം രാജേന്ദ്രന ലക്ഷ്യം വച്ച് രൂക്ഷവിമർശനം ഉയർന്നതോടെ സെക്രട്ടറിയെ സംസ്ഥാന സമ്മേളനത്തിൽ അട്ടിമറിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർത്തി. സമ്മേളനത്തിന് തൊട്ടുമുന്പ് മുതിർന്ന നേതാക്കളായ സി.ദിവാകരനും കെ.ഇ.ഇസ്മയാലിലും പരസ്യ കലാപമുയർത്തി. എന്നാൽ കൃത്യമായ ആസൂത്രണവുമായാണ് സമ്മേളന നഗരിയിലേക്ക് കാനം എത്തിയത്. എതിർ പക്ഷത്തിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ നിന്ന് അടക്കം ദിവാകരനും ഇസ്മായിലിനും എതിരെ വിമർശനം ഉയർന്നു. പക്ഷമില്ലാത്ത നേതാക്കൾ ഇതിനൊപ്പം നിന്നു. കാനം വിരുദ്ധ നേതാക്കൾ ഏറ്റവും കൂടുതൽ എതിർത്തത് പ്രായപരിധിയെ ആയിരുന്നു. 

പ്രായനിബന്ധന നേരത്തേ തന്നെ ജില്ലാ തലങ്ങളിൽ നടപ്പാക്കിയപ്പോൾ എതിർക്കാതിരുന്ന മുതിർന്ന നേതാക്കൾ ഇപ്പോൾ എതിർപ്പുമായി വന്നത് ശരിയായില്ലെന്ന് അഭിപ്രായം ഉയർന്നു. ഇത് കാനത്തിന്റെ ആസൂത്രിത നീക്കമായിരുന്നു. ഇതോടെ വേണ്ടത്ര പിന്തുണ കിട്ടുന്നിലില്ലെന്ന് മറുചേരി തിരിച്ചറിഞ്ഞു. പ്രകാശ് ബാബു ആദ്യം തന്നെ മത്സര രംഗത്ത് നിന്ന് പിൻമാറി. പിന്നീട് വി.എസ്. സുനിൽ കുമാറോ സി.എൻ ചന്ദ്രനോ മത്സരിക്കുമെന്നായി അടുത്ത അഭ്യൂഹം.

ഇന്നലെ രാവിലെ ജില്ലകളിൽനിന്ന് സംസ്ഥാന കൗൺസിലിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തതോടെ കാനം വിരുദ്ധ ചേരിക്ക് ഏറ്റത് കനത്ത തിരിച്ചടി. അഞ്ചിലേറെ ജില്ലകളിൽ മത്സരമുണ്ടാകുമെന്ന് കരുതിയെങ്കിലും തെരഞ്ഞെടുപ്പ് നടന്നത് എറണാകുളത്ത് മാത്രം. എറണാകുളത്ത് വെട്ടി നിരത്തപ്പെട്ടതാവട്ടെ കാനം വിരുദ്ധ പക്ഷത്തെ പ്രമുഖരും.ഇതോടെ എതിർചേരി പാർട്ടി ഐക്യം പറഞ്ഞ് അനുനയ പാതയിലെത്തി.

സമ്മേളനത്തിന്റെ അവസാന ഘട്ടത്തിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ മത്സരമില്ലെന്ന് കെ.ഇ.ഇസ്മായിൽ പ്രഖ്യാപിച്ചു. ജയിക്കാൻ ഒരു സാധ്യതയുമില്ലെന്ന ബോധ്യപ്പെട്ടതോടെയാണ് കാനം വിരുദ്ധചേരി പൂർണമായി കീഴടങ്ങിയത്. ഇനി അറിയേണ്ടത് സമ്മേളനത്തിന് തൊട്ടുമുമ്പ് വെടിപൊട്ടിച്ച സി.ദിവാകരനും കെ.ഇ.ഇസ്മായിലിനും എതിരേ നടപടി ഉണ്ടാകുമോ എന്നാണ്. അച്ചടക്ക നടപടിവേണമെന്ന ആവശ്യ ശക്തമാണെങ്കിലും പുതിയ സംസ്ഥാന കൗൺസിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പാർട്ടി കോൺഗ്രസ്സിന് ശേഷം പുതിയ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരേയും നിയമിക്കും

https://www.asianetnews.com/kerala-news/kanam-rajendran-cpi-state-secretary-rj6fw7

click me!