Asianet News MalayalamAsianet News Malayalam

മൂന്നാമതും സിപിഐയുടെ അമരത്ത് കാനം; അസാധാരണ വെല്ലുവിളികളെ മറികടന്ന്, മുഖം നോക്കാതെ നിലപാട് പറഞ്ഞ്...

ചെറുപ്പത്തിൽ ഉച്ചത്തിൽ ഡയലോഗ് പറഞ്ഞ് കയ്യടി നേടിയ രാജേന്ദ്രൻ രാഷ്ട്രീയത്തിൽ സജീവമായപ്പോഴും കനമൊട്ടും കുറക്കാതെ അഭിപ്രായങ്ങൾ പറഞ്ഞു പോന്നു. 

Kanam Rajendran CPI State Secretary
Author
First Published Oct 3, 2022, 5:56 PM IST

തിരുവനന്തപുരം: പാർട്ടിയിലെ എതിർചേരിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് കാനം സിപിഐയുടെ അമരത്തേക്ക് മൂന്നാമത് എത്തുന്നത്. നിലപാടുകൾ മുഖം നോക്കാതെ പറയുമ്പോഴും മുന്നണിയുടേയും സർക്കാറിന്റെയും കെട്ടുറപ്പിനായി വിട്ടുവീഴ്ചക്കും തയ്യാറാകുന്നതാണ് കാനത്തിന്റെ പ്രായോഗിക രാഷ്ട്രീയ ലൈൻ. കമ്മ്യൂണിസത്തോടൊപ്പം കലയിലും കമ്പമുണ്ടായിരുന്നു കാനത്തിന്. ചെറുപ്പത്തിൽ ഉച്ചത്തിൽ ഡയലോഗ് പറഞ്ഞ് കയ്യടി നേടിയ രാജേന്ദ്രൻ രാഷ്ട്രീയത്തിൽ സജീവമായപ്പോഴും കനമൊട്ടും കുറക്കാതെ അഭിപ്രായങ്ങൾ പറഞ്ഞു പോന്നു. പാർട്ടിയിലെ വിരുദ്ധചേരിയെ വെട്ടാൻ ഏതറ്റം വരെയും പോകുന്ന കാനം, കേന്ദ്ര നേതൃത്വത്തോടും മുട്ടാൻ മടിച്ചില്ല. ഈ സമ്മേളനകാലത്ത് സെക്രട്ടറിക്കെതിരെ മുതിർന്ന നേതാക്കൾ ഉയർത്തിയത് പരസ്യ കലാപം. അടിക്ക് തിരിച്ചടി നൽകി വെല്ലുവിളി ഏറ്റെടുത്തു കാനം.

കാനത്തിൻ്റെ സര്‍വ്വാധിപത്യം: ദിവാകരനും ഇസ്മയിലും സിപിഐ സംസ്ഥാന കൗണ്‍സിലിന് പുറത്ത്

സംസ്ഥാന സമ്മേളനം ബലപരീക്ഷവേദിയാകുമെന്നുറപ്പിച്ച് മുന്നേ കരുക്കൾ നീക്കിയാണ് വീണ്ടും സെക്രട്ടറി പദമുറപ്പിച്ചത്. കഴിഞ്ഞ രണ്ട് ടേമിലും കാനത്തിന്റെ വിമർശന മുന ഏറെയും നീണ്ടത് രാഷ്ട്രീയ എതിരാളികളെക്കാൾ കൂടുതൽ സ്വന്തം സർക്കാറിന് നേരെ.  വിവാദവിഷയങ്ങളിൽ ഇടത് ലൈൻ വിട്ടുള്ള സർക്കാറിന്റെ പോക്കിനെതിരെ  തിരുത്തൽ ശക്തിയായി കാനം. മുന്നണി യോഗത്തിനുള്ളിലെക്കാൾ കൂടുതലും എതിർപ്പ് ഉയർത്തിയത് പരസ്യമായി.

എതിരാളികളില്ലാതെ വീണ്ടും; കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി, തീരുമാനം ഏകകണ്ഠേന

മാവോയിസ്റ്റ് വേട്ട- യുഎപിഎ തുടങ്ങി ലോകായുക്ത നിയമഭേദഗതിയിൽ വരെ ഭരണമുന്നണിയിലെ പ്രതിപക്ഷ സ്വരമായി രണ്ടാം കക്ഷിയുടെ ലീഡർ. ലോകായുക്തയിൽ സിപിഐ ഭീഷണിക്ക് സർക്കാർ വഴങ്ങിയെങ്കിലും അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കാൻ കൂട്ടുനിന്നെന്ന പഴി ബാക്കി. സർക്കാറിനെ മുൾമുനയിൽ നിർത്തിയ വിവാദങ്ങളുടെ ക്ലൈമാക്സിലെ അനുനയം കാനത്തെ എന്നും സംശയ നിഴലിലാക്കി. 

പിണറായിക്ക് വിധേയൻ എന്ന പരിഹാസം കേട്ടത് പാർട്ടിയിൽ നിന്ന് തന്നെ. വളക്കുമ്പോഴും ഒടിക്കാത്തതല്ലേ യഥാർത്ഥ പ്രായോഗിക ഇടത് രാഷ്ട്രീയമെന്നായിരുന്നു കാനം അനുകൂലികളുടെ പ്രതിരോധം. അസാധാരണ വെല്ലുവിളി മറികടന്ന് വീണ്ടും നായകനായതും പ്രായപരിധി നടപ്പാക്കിയെടുത്ത് എതിരാളികളെ വെട്ടിനിരത്തിയതും കാനത്തിന്റെ വലിയ നേട്ടം. എതിർശബ്ദങ്ങളെ ഒതുക്കിയെങ്കിലും ഏകാധിപതിയെന്ന വിമർശനങ്ങൾക്ക് ഇനിയും കാനം മറുപടി പറയേണ്ടിവരും.  

Follow Us:
Download App:
  • android
  • ios