രണ്ട് പ്രമുഖ കേരള കോണ്‍ഗ്രസ് നേതാക്കൾ ഏറ്റുമുട്ടുമോ? കോട്ടയം തിരഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നു

Published : Oct 12, 2023, 08:26 AM IST
രണ്ട് പ്രമുഖ കേരള കോണ്‍ഗ്രസ് നേതാക്കൾ ഏറ്റുമുട്ടുമോ? കോട്ടയം തിരഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നു

Synopsis

പാര്‍ലമെന്‍റ് അംഗമാവുക എന്ന ദീര്‍ഘകാല ആഗ്രഹം സഫലമാക്കാന്‍ പി.ജെ.ജോസഫ് തന്നെ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും എന്ന സൂചനകള്‍ അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ പങ്കുവയ്ക്കുന്നു. 

കോട്ടയം: സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് കേരള കോണ്‍ഗ്രസുകളുടെ നേതാക്കന്‍മാര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുമോ എന്ന ഉദ്വേഗമാണ് കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നത്. പാര്‍ലമെന്‍റ് അംഗമാവുക എന്ന ദീര്‍ഘകാല ആഗ്രഹം സഫലമാക്കാന്‍ പി.ജെ.ജോസഫ് തന്നെ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും എന്ന സൂചനകള്‍ അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ പങ്കുവയ്ക്കുന്നു. പി.ജെ മല്‍സരിക്കാനിറങ്ങിയാല്‍ ഇടത് സ്ഥാനാര്‍ഥിയായി ജോസ് കെ മാണിയെ ഇറക്കുന്നതിനെ കുറിച്ചുളള ആലോചനകള്‍ ഇടത് ക്യാമ്പിലും ശക്തമാണ്.

യുഡിഎഫില്‍ കോട്ടയം പാര്‍ലമെന്‍റ് സീറ്റ് ജോസഫ് ഗ്രൂപ്പിനെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി കഴിഞ്ഞു. പക്ഷേ ആര് മല്‍സരിക്കുമെന്നതാണ് ചോദ്യം. പാര്‍ലമെന്‍റില്‍ പോകണമെന്ന ആഗ്രഹം അഞ്ചാണ്ടു മുമ്പത്തെ ഇലക്ഷന്‍ കാലത്ത് സാക്ഷാല്‍ കെഎം മാണിയ്ക്കു മുന്നില്‍ തുറന്നു പറഞ്ഞ് സീറ്റ് ഏതാണ്ട് ഉറപ്പിച്ചതാണ് ജോസഫ്. പക്ഷേ അവസാന നിമിഷത്തെ കളികളില്‍ ജോസഫിന് സീറ്റു പോയി. അതുകൊണ്ടു തന്നെ ഇക്കുറി മല്‍സരത്തിന് ജോസഫിറങ്ങുമെന്ന അഭ്യൂഹം ശക്തമാണ് കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍. അടിക്കടി കോട്ടയത്ത് എത്തുന്ന ജോസഫാകട്ടെ സീറ്റ് കാര്യത്തില്‍ മൗനത്തിലുമാണ്. ഫ്രാന്‍സിസ് ജോര്‍ജും പി.സി.തോമസും തോമസ് ഉണ്ണിയാടനും സജി മഞ്ഞക്കടമ്പിലുമുള്‍പ്പെടെ സീറ്റ് ആഗ്രഹിക്കുന്ന പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കള്‍ക്കു പോലും ജോസഫ് സാറിന്‍റെ മനസിലിരിപ്പ് മനസിലായിട്ടില്ല.

പിജെ ജോസഫോ ,മോന്‍സ് ജോസഫോ മല്‍സരിച്ചാല്‍ നന്നാകുമെന്ന അഭിപ്രായം ഉന്നത കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ കേരള കോണ്‍ഗ്രസുമായി പങ്കുവച്ചു കഴിഞ്ഞു. അങ്ങനെ യുഡിഎഫിനായി ജോസഫിറങ്ങിയാല്‍ മറുഭാഗത്ത് ജോസ് കെ മാണിയാകും കൂടുതല്‍ മികച്ച സ്ഥാനാര്‍ഥിയെന്ന അഭിപ്രായം സിപിഎം നേതൃത്വത്തിനും മാണി ഗ്രൂപ്പിലെ ഒരു വിഭാഗത്തിനുമുണ്ട്. അടുത്ത വര്‍ഷം ജൂണില്‍ ജോസ് കെ മാണിയുടെ രാജ്യസഭ കാലാവധി അവസാനിക്കും എന്നതും ജോസിനെ ലോക്സഭ മല്‍സരത്തിന് പ്രേരിപ്പിക്കാന്‍ സിപിഎമ്മിനു മുന്നിലുളള കാരണമാണ്.

പ്രോഗ്രസ് റിപ്പോര്‍ട്ട് സമർപ്പിച്ചില്ല; 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കെ-റെറ കാരണംകാണിക്കല്‍ നോട്ടീസ്

എന്നാല്‍ വീണ്ടും പാര്‍ലമെന്‍റിലേക്ക് പോയാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്കുളള മടങ്ങി വരവ് എളുപ്പമാകില്ലെന്ന് ജോസ് ക്യാമ്പ് വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ പാര്‍ലമെന്‍റില്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ ജോസ് പക്ഷം പാടെ നിഷേധിക്കുകയുമാണ്. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് പറഞ്ഞൊഴിയുമ്പോഴും വീണ്ടും മല്‍സരത്തിനുളള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു പാര്‍ട്ടിയിലെ സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍. പക്ഷേ ചാഴിക്കാടന് വീണ്ടും സീറ്റു കൊടുക്കുന്ന കാര്യത്തിലും പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.

https://www.youtube.com/watch?v=Ko18SgceYX8
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി