വീണ ജോർജ് ചരിത്രം സൃഷ്ടിക്കുമോ? ആറന്മുള മണ്ഡലം തിരിച്ചു പിടിക്കാൻ അബിൻ വർക്കി, വോട്ട് ശതമാനം വർധിപ്പിക്കാൻ ബിജെപി

Published : Mar 23, 2026, 12:46 PM IST
Aranmula Assembly Election Candidates 2026

Synopsis

ആറന്മുള നിയമസഭാമണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. വികസന നേട്ടങ്ങൾ ഉയർത്തി ഹാട്രിക് വിജയം ലക്ഷ്യമിടുന്ന എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിനെതിരെ, ആരോഗ്യവകുപ്പിലെ വീഴ്ചകൾ ആയുധമാക്കി യുഡിഎഫും, കുമ്മനം രാജശേഖരനെ ഇറക്കി ബിജെപിയും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു.

പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ആറന്മുള നിയമസഭാമണ്ഡലം. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ആറന്മുള നിയമസഭ മണ്ഡലം. ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, ഉതൃട്ടാതി വള്ളംകളി, ഭൗമസൂചിക പദവിയുള്ള ആറന്മുളക്കണ്ണാടി എന്നിവയാൽ ദേശീയതലത്തിൽ അറിയപ്പെടുന്ന ഈമണ്ഡലത്തിൽ പൈതൃകത്തെയും അതിന്റെ തുടർച്ചയെയും കുറിച്ച് ആഴത്തിലുള്ള ബോധ്യമുള്ള ഒരു സമൂഹമാണ് അധിവസിക്കുന്നത്. ‌‌

ആറന്മുളയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. വിഭാഗീയതയെ ചെറുക്കുന്നതും വിശ്വാസ്യതയ്ക്ക് പ്രാധാന്യം നൽകുന്നതുമായ ഒരു രാഷ്ട്രീയ സ്വഭാവം ഇവിടെ രൂപപ്പെടുത്തിയിട്ടുണ്ട്. ആറന്മുളയിൽ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ വളർച്ച രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. സിപിഎം സ്ഥാനാർഥി വീണാ ജോർജ് 74,950 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു. യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങിയിരുന്നത് കെ ശിവദാസൻ നായരായിരുന്നു. ശിവദാസൻ നായർക്ക് ലഭിച്ചത് 56,654 വോട്ടുകളായിരുന്നു. 19,003 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് വീണ ജോർജ് വിജയിച്ചു കയറിയത്.

2021ലെ തെരഞ്ഞെടുപ്പ് വിജയത്തിൽ വീണ ജോർജിൻ്റെ വ്യക്തിപ്രഭാവത്തിനും വലിയ സ്വാധീനം ഉണ്ടായിരുന്നു.  ടെലിവിഷൻ മാധ്യമപ്രവർത്തക എന്ന നിലയിലുള്ള സ്വാധീനവും മണ്ഡലത്തിലെ ജനങ്ങളുമായുള്ള സജീവമായ ഇടപഴകലും അവർക്ക് ഗുണകരമാകുകയായിരുന്നു. ബിജെപി സ്ഥാനാർഥി ബിജു മാത്യുവിന് 21,099 വോട്ടുകളായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എംടി രമേശ് നേടിയിരുന്നത് 37,906 വോട്ടകളായിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ കെ ഹരിദാസ് 10,227 വോട്ടുകളുമായിരുന്നു നേടിയത്. ഇപ്രാവശ്യം ബിജെപിക്കായി മത്സരിക്കുന്നത് കുമ്മനം രാജശേഖരനാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ബിജെപി വോട്ട് ശതമാനം മണ്ഡലത്തിൽ കൂടുമെന്നുതന്നെയാണ് ബിജെപി കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.

എല്ലാ രാഷ്ട്രീയ മുന്നണികളും ഒരുപോലെ സാന്നിധ്യം തെളിയിക്കുന്ന മണ്ഡലമാണിതെങ്കിലും എൽഡിഎഫ് അനുകൂലമായ മണ്ഡലം തന്നെയാണ് അറന്മുള്ള. മൂന്നാം തവണയും മിന്നും വിജയം നേടാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിൽ തന്നെയാണ് വീണ ജോര്‍ജ്. എന്നാല്‍ കഴി‍ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭയും പിടിക്കാന്‍ സാധിച്ചതിനാല്‍ ഇത്തവണ അധികാരം തങ്ങളിലേക്കെത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുമുണ്ട്. കുമ്മനം രാജശേഖരനെ വെച്ച് ഒരു പരീക്ഷണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. 2016ൽ എംടി രമേശിന് കൂടുതൽ വോട്ട് പിടിക്കാൻ സാധിച്ചിരുന്നു. കുമ്മനം രാജശേഖരനും ഇത് സാധിക്കുമെന്നു തന്നെയാണ് ബിജെപി കണക്കു കൂട്ടുന്നത്. 2016ൽ കെ ശിവദാസന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള അബിന്‍ വര്‍ക്കിയുടെ നീക്കങ്ങളും ശക്തമാണ്.

1991 ന് ശേഷം മുപ്പത് വര്‍ഷത്തിനിടെ ഒരു മുന്നണിയ്ക്കും ജയത്തുടര്‍ച്ച നല്‍കാത്ത മണ്ഡലം ചരിത്രം വീണ ജോർജ് തിരുത്തി കുറിക്കുകയായിരുന്നു. 2016 മുതല്‍ മത്സരരംഗത്തുള്ള വീണ ജോര്‍ജിന് വീണ്ടും വിജയം നേടാനാകുകയാണെങ്കില്‍ അത് ചരിത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും ഉയര്‍ത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇടതു വോട്ടുകളും ഓര്‍ത്തഡോക്‌സ് വോട്ടുകളും നിലനിര്‍ത്തിയാല്‍ വീണ ജോര്‍ജിന് ജയം അനായാസമായിരിക്കും. പ്രളയ നിവാരണം, നദി സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങളുടെ ഈടുനിൽപ്പ് എന്നിവ ഇവിടുത്തെ സ്ഥിരമായ ആശങ്കകളാണ്. ആരോഗ്യ സേവനങ്ങളും പൊതുജനാരോഗ്യ രംഗത്തെ ഇടപെടലുകളും മണ്ഡലത്തിൽ വോട്ടാകും.

സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പത്തനംതിട്ടയിലെ ആറന്മുള മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ആരോഗ്യവകുപ്പിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളും വികസന ചർച്ചകളും ഒരുപോലെ ആയുധമാക്കിയാണ് മുന്നണികൾ വോട്ടുതേടുന്നത്.

പ്രതിഷേധം പ്രചാരണ ആയുധമാക്കി യുഡിഎഫ്

യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വേറിട്ടൊരു രീതിയിലാണ് ആരംഭിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരമായ പിഴവിനിരയായ ഉഷ ജോസഫിന്റെ കുടുംബമാണ് അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ മന്ത്രിക്കെതിരെയുള്ള ശക്തമായ പ്രചാരണ ആയുധമാക്കാനാണ് യുഡിഎഫിന്റെ നീക്കം.

മുന്നണികളുടെ കരുത്തുറ്റ പോരാട്ടം

മുൻപ് കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ആറന്മുളയിൽ കെ ശിവദാസൻ നായരെ അട്ടിമറിച്ചാണ് വീണ ജോർജ് തന്റെ കരുത്ത് തെളിയിച്ചത്. മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഹാട്രിക് വിജയമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. യൂത്ത് കോൺഗ്രസ് നേതാവായ അബിൻ വർക്കിയിലൂടെ യുവാക്കളുടെയും ഭരണവിരുദ്ധ വികാരമുള്ളവരുടെയും വോട്ടുകൾ സമാഹരിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. മുതിർന്ന നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെ തന്നെ കളത്തിലിറക്കി മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാണ് ബിജെപി നീക്കം. ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കുമ്മനത്തിന്റെ സാന്നിധ്യം ത്രികോണ മത്സരത്തിന് വഴിയൊരുക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും', സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ മറുപടി
പശ്ചിമ ബംഗാളിൽ ഉപ വോട്ടർ പട്ടിക ഇന്ന്; കനത്ത ജാഗ്രത, വോട്ടവകാശം നഷ്ടപ്പെടുന്നവർ പ്രതിഷേധിക്കണമെന്ന് കോൺ​ഗ്രസ് ആഹ്വാനം