റീൽസ് ചെയ്താൽ 20000 രൂപ വരെ സമ്മാനം! തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ജെൻ സി ആന്തം' ചലഞ്ച്

Published : Apr 03, 2026, 10:49 PM IST
Gen Z

Synopsis

തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം വമ്പൻ സമ്മാനങ്ങൾ നേടാൻ സുവർണ്ണാവസരം. 'ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ' എന്ന സന്ദശവുമായി യുവ വോട്ടർമാരെ ആകർഷിക്കാൻ 'ജെൻ സി ആന്തം'  എന്ന പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പാട്ടിനൊപ്പമാണ് റീൽസ് ചെയ്യേണ്ടത്. 

സോഷ്യൽ മീഡിയയിൽ സജീവമായ യുവാക്കൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും സുവർണ്ണാവസരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി ചീഫ് ഇലക്ടറൽ ഓഫീസർ കേരളയും എറണാകുളം ജില്ലാ കളക്ടറും സംയുക്തമായാണ് ഈ റീൽസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ' ഒരു ഗോള് മതി കളി മാറി മറിയാൻ, ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ' എന്ന പഞ്ചിങ് വരികളിലുടെ സന്ദേശമുയർത്തി വോട്ടിംഗിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വമ്പൻ മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ 'സ്വീപിന്റെ' (SVEEP) ഭാഗമായി പുറത്തിറക്കിയ 'ജെൻ സി ആന്തം' എന്ന റാപ്പ് ഗാനം ഉപയോഗിച്ചാണ് റീൽസുകൾ തയ്യാറാക്കേണ്ടത്. 60 സെക്കൻഡ് ദൈർഘ്യമുള്ള ക്രിയേറ്റീവായ റീൽസുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. വോട്ടിംഗിന്റെ പ്രാധാന്യം, ജനാധിപത്യം, സമ്മതിദാനാവകാശം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി 18 വയസിന് മുകളിലുള്ള ആർക്കും ഈ മത്സരത്തിൽ പങ്കാളികളാകാം. യുവാക്കൾക്കിടയിൽ വോട്ടിംഗിനെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ റാപ്പ് ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്ക് ആകർഷകമായ സമ്മാനത്തുകകളാണ് കാത്തിരിക്കുന്നത്. 20,000 രൂപ ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000 രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും. വോട്ടിംഗിന്റെ ഗൗരവം ചോർന്നുപോകാതെ തന്നെ നർമ്മത്തിലോ മറ്റ് ക്രിയേറ്റീവായ രീതികളിലോ റീൽസുകൾ നിർമ്മിക്കാവുന്നതാണ്.

ഇതിൻ്റെ സമയപരിധി ഇപ്പോൾ ഏപ്രിൽ 5 വരെ നീട്ടിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നിങ്ങളുടെ എൻട്രികൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. നിങ്ങളുടെ ക്രിയേറ്റിവിറ്റി മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ. വോട്ട് രേഖപ്പെടുത്തുക എന്നത് ഓരോ പൗരന്റെയും കടമയാണെന്ന് ഓർമ്മിപ്പിക്കാൻ ഈ അവസരം പരമാവധി വിനിയോഗിക്കൂ. കൂടുതൽ വിവരങ്ങൾക്കും പാട്ടുമായി ബന്ധപ്പെട്ട ലിങ്കുകൾക്കും ചീഫ് ഇലക്ടറൽ ഓഫീസറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദേശം
ഇടതുപക്ഷത്തിന് വോട്ട് അഭ്യർത്ഥിച്ച് പ്രകാശ് രാജ്; 'പിണറായി വിജയൻ ദക്ഷിണേന്ത്യയുടെ പ്രതീക്ഷ, ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രി'