അഭിഭാഷക നിയമനത്തിൽ എതിർപ്പുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു.
കൊച്ചി: അഭിഭാഷക നിയമനത്തിൽ എതിർപ്പുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നിന്ന് ഇന്നലെ ഒരു സീനിയർ അഭിഭാഷകൻ കൂടി രാജിവെച്ചിരുന്നു.
ജൂൺ 4നും ജൂൺ 11നും ആണ് അഭിഭാഷക നിയമനത്തിൽ പട്ടിക പുറപ്പെടുവിച്ചിട്ടുള്ളത്. ഈ രണ്ട് പട്ടികയിലും ലോയേഴ്സ് സംഘടന എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അനർഹരായ ആളുകളും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരും പട്ടികയിൽ ഉൾപ്പെടുന്നു എന്നാണ് സംഘടന ആരോപിക്കുന്നത്. ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടിക പരിഗണിക്കാൻ നിലവിലെ സർക്കാർ തയാറായില്ലെന്നും സംഘടന ആക്ഷേപിക്കുന്നു. അനർഹരെ ഉൾപ്പെടുത്തിയെന്നും ലോയേഴ്സ് കോൺഗ്രസിനെ തഴഞ്ഞുവെന്നും സംഘടന ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ട് ഇക്കാര്യങ്ങൾ അറിയിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മൈൻഡ് ചെയ്തില്ലെന്നും മുഖ്യമന്ത്രിയുടേത് നിഷേധാത്മകമായ നിലപാടാണെന്നും സംഘടന അറിയിച്ചു.
ഇനി ജില്ല സബ് കോടതികളിലേക്കുള്ള അഭിഭാഷകരുടെ നിയമനത്തിനുള്ള പട്ടികയാണ് സർക്കാർ പുറത്തിറക്കാനിരിക്കുന്നത്. ഇതിൽ ലോയേഴ്സ് കോൺഗ്രസ് കൊടുത്ത പട്ടികയിൽ നിന്ന് അഭിഭാഷകരെ നിയമിക്കണമെന്നും ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിലെ അനർഹരെ പുറത്താക്കിയില്ലെങ്കിൽ അവരുടെ പേരുകൾ പുറത്തുവിടുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.

