ആറു പേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത് പുതുജീവനേകി, ഈ ലോകത്തു നിന്ന് മടങ്ങിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രസാദിന്‍റെ കുടുംബമാണ് പൊലീസില്‍ നിന്ന് നീതി തേടുന്നത്. പ്രസാദിന്‍റെ ജീവനെടുത്ത അപകടത്തിന് കാരണമായ വാഹനം ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ആലപ്പുഴ: അവയവദാനത്തിന്‍റെ മഹത്ത്വത്തെ കുറിച്ച് എപ്പോഴും പറയാറുണ്ട്. പ്രിയപ്പെട്ടവർ മരണത്തിലേക്ക് മറയുമ്പോഴും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഒരു കുടുംബം എടുക്കുന്ന മഹത്തരമായ തീരുമാനം. പക്ഷെ അങ്ങനെ ഒരു കുടുംബത്തോട് പത്തു കൊല്ലമായി പൊലീസ് കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. ആറു പേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത് പുതുജീവനേകി, ഈ ലോകത്തു നിന്ന് മടങ്ങിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രസാദിന്‍റെ കുടുംബമാണ് പൊലീസില്‍ നിന്ന് നീതി തേടുന്നത്. പ്രസാദിന്‍റെ ജീവനെടുത്ത അപകടത്തിന് കാരണമായ വാഹനം ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ കിട്ടേണ്ട ഇന്‍ഷുറന്‍സ് തുക പോലും അദ്ദേഹത്തിന്‍റെ കുടുംബത്തിന് കിട്ടിയിട്ടുമില്ല.
രാധാമണി നടത്തുന്ന പോരാട്ടം കാണാതെ പോകരുത്. ഇനി എങ്കിലും പൊലീസ് കണ്ണുതുറക്കണം. പത്ത് വർഷമായി നടത്തുന്ന പോരാട്ടത്തിന് ഒരു അവസാനം വേണം. കയ്യടികളും അഭിനന്ദനങ്ങളും മാത്രം പോരാ. നീതി അവർക്ക് അവകാശപ്പെട്ടതാണ്. 2016 മാർച്ച് മാസത്തിലെ പഴയൊരു പത്രമാണ് രാധാമണിയുടെ കൈയിലിരിക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ട അവരുടെ ഭർത്താവ് പി ജെ പ്രസാദിൻ്റെ ചിത്രമുള്ള പത്രം. ആറു പേർക്ക് പുതുജീവിതം നൽകി പ്രസാദ് എന്ന തലക്കെട്ടോടെയായിരുന്നു ആ വാര്‍ത്ത.
2016 മാർച്ച് 19 നാണ് കരീലക്കുളങ്ങരയിൽ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രസാദ് ദേശീയപാതയിൽ വച്ച് വണ്ടിയിടിച്ച് മരിച്ചത്. മസ്‌തിഷ്‌ക മരണത്തിനു പിന്നാലെ പ്രസാദിൻ്റെ ഹൃദയവും വൃക്കകളും കണ്ണുമടക്കമുള്ള അവയവങ്ങൾ ആറു പേർക്കായി ദാനം ചെയ്യാൻ അദ്ദേഹത്തിൻ്റെ കുടുംബം സന്നദ്ധമായി. അന്നത് വലിയ വാർത്തയായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരള സമൂഹമാകെയും ഈ കുടുംബത്തെ അഭിനന്ദിച്ചു. അന്നത്തെ അനുമോദനങ്ങൾക്കു ശേഷം എല്ലാവരും മടങ്ങി. പത്തു വർഷത്തിനിപ്പുറവും തൻ്റെ ഭർത്താവിൻ്റെ ജീവനെടുത്ത ആ അപകടത്തിനു കാരണമായ വാഹനം ഒന്നു കണ്ടെത്താൻ പൊലീസ് സ്റ്റേഷനുകളും സർക്കാരോഫീസുകളും കയറിയിറങ്ങുകയാണ് ഭാര്യ രാധാമണി.
ഇടിച്ച വണ്ടി ഒരു ഇന്നോവ കാറാണെന്നും അതിൽ ഒരച്ഛനും അമ്മയും മകനുമായിരുന്നു ഉണ്ടായിരുന്നതെന്നും രാധാമണിക്കറിയാം. തൃശൂരിൽ മകന്‍റെ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ആ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തന്‍റെ ഭര്‍ത്താവിനെ ഇടിച്ചതെന്നും ചില നാട്ടുകാരില്‍ നിന്ന് മനസിലാക്കിയിട്ടുണ്ട്. പക്ഷേ വണ്ടിയുടെ നമ്പര്‍ മാത്രം ആര്‍ക്കും അറിയില്ല. വണ്ടി തിരിച്ചറിയാത്തതു കൊണ്ടു തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പോലും ഇപ്പോഴും കൊല്ലപ്പെട്ട പ്രസാദിന്‍റെ കുടുംബത്തിന് കിട്ടിയിട്ടില്ല.
ഇടിച്ച വണ്ടിയിൽ തന്നെയാണ് പ്രസാദിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ അവിടെ നിന്നും ആ കുടുംബം മുങ്ങി. അപകടത്തിൽപെട്ടയാൾക്ക് കുഴപ്പമൊന്നും ഇല്ലെന്നും അദ്ദേഹം ഒരു ചായ കുടിച്ച് നിൽക്കുന്നുണ്ടെന്നും നാട്ടുകാരിൽ ചിലരോട് പറഞ്ഞ ശേഷമാണ് അവർ കടന്നു കളഞ്ഞതെന്ന വിവരവും ഈ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. പത്തു വർഷം പഴക്കമുള്ള കേസാണെന്ന പരിമിതി പറഞ്ഞിരിക്കരുത് പൊലീസ്. സമൂഹത്തിനാകെ മാതൃകയായൊരു പ്രവൃത്തി ചെയ്യാൻ മനസു കാട്ടിയ ഒരു സ്ത്രീയ്ക്ക് സ്വാഭാവിക നീതി വാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്തം ഇനിയെങ്കിലും നമ്മുടെ പൊലീസ് കാട്ടണം.

