'ആണും പെണ്ണും അതിർത്തികളില്ലാതെ കൂടിക്കലരുക എന്നത് ഇസ്ലാമിക സംസ്കാരമല്ല, വെവ്വേറെ ഇടം പതിവ്' -വിശദീകരണവുമായി വിസ്ഡം

Published : Sep 22, 2025, 02:45 AM IST
CUSAT against Wisdom Islamic Organization

Synopsis

;ഇസ്ലാമിക ആദർശം മുറുകെപ്പിടിക്കുന്നു, പരിപാടികളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഇടം പതിവ്. ആണും പെണ്ണും അതിർത്തികളില്ലാതെ കൂടിക്കലരുക എന്നത് ഇസ്‌ലാമിക സംസ്കാരമല്ല. മൂല്യബോധമുള്ള ആർക്കും തന്നെ അതിനോട് യോജിക്കാനും കഴിയില്ല'.

കൊച്ചി: പ്രൊഫ്‌കോൺ വിവാദത്തിൽ വിശദീകരണവുമായി വിസ്‌ഡം സ്റ്റുഡന്റ്സ്. ആണും പെണ്ണും കൂടിക്കലരൽ ഇസ്ലാമിക സംസ്കാരമല്ല. മുസ്‌ലിം വിദ്യാർത്ഥി സംഘടന എന്ന നിലയ്ക്ക് ഇസ്‌ലാമിക ആദർശം മുറുകെപ്പിടിക്കുന്നു. ഇസ്‌ലാമിക പരിപാടികളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഇടം പതിവ്. ആവശ്യാനുസരണം മറ സ്വീകരിക്കാറുണ്ട്. വിവാദം ഉണ്ടാക്കുന്നവർക്ക് വർഗീയ താൽപര്യം. പരിപാടി നടത്തിയത് കുസാറ്റ് കാമ്പസിന് പുറത്തുള്ള ഹാളിലാണെന്നും സംഘാടകർ വിശദീകരിച്ചു. നാനാ ജാതി മതസ്ഥർ സൗഹാർദ്ദത്തോടെ ഇടകലർന്ന് ജീവിക്കുന്ന കേരളത്തിൽ മുസ്‌ലിം മതസ്ഥരുടെ പതിവു ശൈലികൾ പോലും തിരിച്ചറിയാൻ കഴിയാത്തവർ ആണെങ്കിൽ അവരോട് സഹതാപം മാത്രമാണെന്നും വർഗീയ താല്പര്യങ്ങൾ വെച്ചു വിവാദങ്ങൾ സൃഷ്ടിക്കുന്നവരോട് അവജ്ഞയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സംഘടന വിശദീകരിച്ചു. 

ഇതൊന്നും യാദൃച്ഛകമല്ലെന്ന് ഉറപ്പാണ്. ഇസ്‌ലാമോഫോബിയയുടെ മറവിൽ മുസ്‌ലിംകളെ അരികുവൽക്കരിക്കാൻ, നിരന്തരം അവരെ പ്രശ്നക്കാരാക്കി ചിത്രീകരിക്കുക എന്ന അജണ്ട ഇതിനു പിന്നിലുണ്ട്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കേരളീയ പൊതുമണ്ഡലവും വിശിഷ്യാ സമുദായിക - രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും സംഘാടകർ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി ഒക്ടോബർ 10,11,12 തീയതികളിൽ മംഗലാപുരത്ത് വച്ച് നടത്തുന്ന 29-ാമത് "പ്രോഫ്കോൺ" പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഗ്ലോബൽ കോൺഫറൻസിന്റെ ഭാഗമായി വിവിധ ക്യാമ്പസുകൾക്ക് സമീപം വ്യത്യസ്ത പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. വർഷംതോറും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മത- ധാർമിക- അക്കാദമിക- സാമൂഹിക രംഗങ്ങളിൽ ദിശാ ബോധം നൽകി മൂന്ന് പതിറ്റാണ്ടായി കേരളക്കരക്ക് സുപരിചിതമാണ് പ്രോഫ്കോൺ.

ഇതിനകം നിരവധി ക്യാമ്പസുകൾക്ക് സമീപം 29-ാമത് പ്രോഫ്കോണിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ സമാപിച്ചു കഴിഞ്ഞു. അതിൽ CUSAT ക്യാമ്പസിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്, സമീപത്തുള്ള നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 ന് നടന്ന പ്രീ-പ്രോഫ്കോൺ ക്യാമ്പസ് ഡിബേറ്റിനെ വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നത് കണ്ടു.

CUSAT ക്യാമ്പസിനകത്ത് പ്രോഗ്രാം നടത്തി എന്ന ശുദ്ധ നുണയാണ് ഒന്ന്. അത് വാസ്തവ വിരുദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ. CUSAT അധികൃതർ തന്നെ ഔദ്യോഗികമായി അത് വ്യക്തമാക്കുകയും ചെയ്തു.

ക്യാമ്പസിന്റെ പേര് ദുരുപയോഗം ചെയ്തു എന്ന നിലക്കും ചിലർ പ്രചരിപ്പിക്കുന്നത് കണ്ടു. ഓരോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും ക്യാമ്പസുകളിൽ യൂണിറ്റ് ഉണ്ടാവുകയും, ആ ക്യാമ്പസിനോട് ചേർത്തു പറയുകയും ചെയ്യുക എന്നത് പതിവല്ലേ. മുസ്‌ലിം വിദ്യാർത്ഥി സംഘടനകൾക്ക് മാത്രം അത് പാടില്ലെന്നോ...?!

മുസ്‌ലിം വിദ്യാർത്ഥി സംഘടന എന്ന നിലക്ക് ഇസ്‌ലാമിക ആദർശം മുറുകെ പിടിച്ചല്ലേ വിസ്ഡം സ്റ്റുഡന്റ്സ് ഓരോ പ്രോഗ്രാമും സംഘടിപ്പിക്കുക. ആണും പെണ്ണും അതിർത്തികളില്ലാതെ കൂടിക്കലരുക എന്നത് ഇസ്‌ലാമിക സംസ്കാരമല്ല. മൂല്യബോധമുള്ള ആർക്കും തന്നെ അതിനോട് യോജിക്കാനും കഴിയില്ല. ഇസ്‌ലാമിക സംഘടനകൾ നടത്തുന്ന ഏതൊരു പ്രോഗ്രാമിലും പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ഇടമൊരുക്കുക പതിവാണ്. ആവശ്യാനുസരണം മറയും സ്വീകരിക്കാറുണ്ട്. ഇതൊക്കെ ആദ്യമായി കാണുന്ന മട്ടിൽ വിവാദങ്ങൾ തീർക്കുന്നവരോട് എന്ത് പറയാൻ.!!

നാനാ ജാതി മതസ്ഥർ സൗഹാർദ്ദത്തോടെ ഇടകലർന്ന് ജീവിക്കുന്ന ഈ കേരളത്തിൽ മുസ്‌ലിം മതസ്ഥരുടെ പതിവു ശൈലികൾ പോലും തിരിച്ചറിയാൻ കഴിയാത്തവർ ആണെങ്കിൽ അവരോട് സഹതാപം മാത്രം. വർഗീയ താല്പര്യങ്ങൾ വെച്ചു വിവാദങ്ങൾ സൃഷ്ടിക്കുന്നവരോട് അവജ്ഞയും.

ഇതൊന്നും യാദൃശ്ചികമല്ലെന്ന് ഉറപ്പാണ്. ഇസ്‌ലാമോഫോബിയയുടെ മറവിൽ മുസ്‌ലിംകളെ അരികുവൽക്കരിക്കാൻ, നിരന്തരം അവരെ പ്രശ്നക്കാരാക്കി ചിത്രീകരിക്കുക എന്ന അജണ്ട ഇതിനു പിന്നിലുണ്ട്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കേരളീയ പൊതുമണ്ഡലവും വിശിഷ്യാ സമുദായിക - രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ