
വയനാട്: ഹർ ഘർ തിരംഗാ പ്രചാരണത്തിനായി തയ്യാറാക്കിയ ദേശീയ പതാകകൾ വിറ്റഴിക്കാനാകാതെ കടംകയറി വയനാട്ടിലെ വനിതാ സംരംഭക. ആറര ലക്ഷത്തോളം ദേശീയ പതാകകളാണ് കെട്ടിക്കിടക്കുന്നത്. മഹാരാഷ്ട്രയില്‍ പെയ്ത പെരുമഴയാണ് ഷംലയ്ക്ക് വിനയായത്.
കുടുംബശ്രീയിലൂടെ വളർന്നു വന്ന സംരംഭകയാണ് കണിയാമ്പറ്റ സ്വദേശി ഷംല ഇസ്മായിൽ. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി 'ഹർ ഘർ തിരംഗാ' പ്രചാരണമെത്തി. കൂടുതൽ പതാക തയ്യാറാക്കാൻ ഓർഡർ കിട്ടി. ഏഴ് ജില്ലകളില്‍ നിന്നുള്ള ഓര്‍ഡറാണ് കിട്ടിയത്. അതേസമയം എത്ര എണ്ണം വേണമെന്ന വിവരം കിട്ടാന്‍ വൈകിയെന്ന് ഷംല പറയുന്നു.
കൂടുതൽ ഓർഡർ ലഭിച്ചതോടെ, മഹാരാഷ്ട്രയിൽ നിന്നും ദേശീയ പതാക എത്തിക്കാന്‍ സംവിധാനമുണ്ടാക്കി. പക്ഷേ മഹാരാഷ്ട്രയില്‍ പെരുമഴ പെയ്തതോടെ ട്രെയിനുകള്‍ പലതും പിടിച്ചിടുന്ന അവസ്ഥയുണ്ടായി. നാല് ദിവസം വൈകിയാണ് പതാകകള്‍ കിട്ടിയത്. ഇതോടെ ഒരൊറ്റ ദിവസം കൊണ്ട് ഒരു കോടി 24 ലക്ഷം രൂപ നഷ്ടം വന്നുവെന്നും ഷംല പറഞ്ഞു.
മട്ടുപ്പാവിൽ വിരിഞ്ഞുനിൽക്കുന്ന സ്വർഗ കനിയും താമരയും ആമ്പലും; മികച്ച വരുമാനം കൊയ്യുകയാണ് ഈ വീട്ടമ്മ
ഇപ്പോൾ ഷംല നേരിടുന്നത് രണ്ട് പ്രശ്നങ്ങളാണ്. പഴകുന്തോറും പതാകയിൽ ചിലതിന് കേടുവരുന്നുണ്ട്. ഇവ സൂക്ഷിക്കുക എന്നത് വെല്ലുവിളിയാണ്. പതാക നിർമാണം വഴിയുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനുമാകുന്നില്ല. അതിനാൽ സർക്കാർ ഇടപെടൽ വേണം എന്നാണ് ഈ സംരംഭകയുടെ അഭ്യർത്ഥന.