
കൽപ്പറ്റ: വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. പി ജംഷീദ് എന്ന ഡിവൈഎഫ്ഐ നേതാവിനെതിരെയാണ് പരാതി. ഭർത്താവിൻ്റെ സുഹൃത്ത് ആയ പിണങ്ങോട് സ്വദേശിയായ ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവ്, ഡി വൈ എഫ് ഐ നേതാവിനോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിലുണ്ട്. കൽപ്പറ്റ പൊലീസിൽ യുവതി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സ്ത്രീയുടെ പരാതിയിൽ, ലൈംഗിക ഉദ്ദേശത്തോടെ ദേഹത്ത് സ്പർശിച്ചു എന്ന വകുപ്പിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും പരാതി നൽകിയിട്ടുണ്ട്. സിപിഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് ജംഷീദ്.
അതേസമയം, യുവതിയുടെ പരാതിക്കെതിരെ ഭർത്താവ് രംഗത്തെത്തി. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഭർത്താവ് പറഞ്ഞു. വാർത്താസമ്മേളനം നടത്തിയാണ് ഭർത്താവിൻ്റെ പ്രതികരണം. ജംഷീദ് വളർന്ന് വരുന്ന നേതാവാണെന്നും പിന്നിൽ രാഷ്ട്രീയമാണെന്നും ഭർത്താവ് പറഞ്ഞു. ജംഷീദിൻ്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഭാര്യയും മക്കളും ഭക്ഷണം കഴിച്ചത്. പീഡന ശ്രമം ഉണ്ടായെന്ന് പറയുന്ന ദിവസം ജംഷീദ് വീട്ടിൽ വന്നിട്ടില്ലെന്നും ഭർത്താവ് പറഞ്ഞു.