'കനിവിന്‍റെ നിറവ്', കോട്ടയത്ത് 108 ആംബുലൻസിൽ പ്രസവിച്ച് യുവതി, കരുതലായി ജീവനക്കാർ

By Web TeamFirst Published Aug 13, 2021, 3:23 PM IST
Highlights

കൃത്യസമയത്ത് പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജു തോമസ് നൈനാന്‍, പൈലറ്റ് രാഹുല്‍ മുരളീധരന്‍ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോട്ടയം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ വച്ച് പ്രസവിച്ച് യുവതി. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്‍റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യസമയത്ത് പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജു തോമസ് നൈനാന്‍, പൈലറ്റ് രാഹുല്‍ മുരളീധരന്‍ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30- നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉടന്‍ തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്‍റെ സഹായവും സേവനവും തേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ജീവനക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ശീതളിനെ ആംബുലന്‍സിലേക്ക് മാറ്റി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് യാത്ര തിരിച്ചു.

കോട്ടയം നഗരത്തില്‍ എത്തിയപ്പോഴേക്കും ശീതളിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജുവിന്റെ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യമല്ല എന്ന് മനസ്സിലാക്കുകയും ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. സിജുവിന്റെ പരിചരണത്തില്‍ 5 മണിയോടെ ശീതള്‍ കുഞ്ഞിന് ജന്മം നല്‍കി. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തുള്ള കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷ്, ശീതള്‍ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!