നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സർക്കാര്‍ ജോലി

Published : Jan 24, 2025, 02:53 PM IST
നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സർക്കാര്‍ ജോലി

Synopsis

മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയതായും മന്ത്രി ഒ.ആര്‍ കേളു.കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകും. ധനസഹായമായി 11 ലക്ഷം രൂപയും നൽകും.

മാനന്തവാടി:മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയതായും ഇന്ന് തന്നെ കൊല്ലുമെന്നും മന്ത്രി ഒ.ആര്‍ കേളു. സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനുനേരെയും നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. മരിച്ച രാധയുടെ കുടുംബവുമായി സംസാരിച്ചശേഷം പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലെടുത്ത തീരുമാനവും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാധയുടെ മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാര്‍ അനുവദിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു.

നരഭോജിയെന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തി കടുവയെ ഇന്ന് തന്നെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവാണ് ഇറങ്ങിയിട്ടുള്ളതെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. മനുഷ്യനെ കൊന്നുതിന്നുന്ന കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാധയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. അതിനാലാണ് വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. നരഭോജി കടുവയാണ് ആക്രമിച്ചത്.നാളെ മുതൽ ആളുകള്‍ക്ക് ജോലിക്ക് പോകേണ്ടതാണ്.അതിനാൽ അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്.

അതിനായി ആര്‍ആര്‍ടി ടീമിനെ നിയോഗിക്കും.ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം നൽകുന്നത്. അതിനായി കാവൽ ഏര്‍പ്പെടുത്തും. ഇതിന് പുറമെ കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് കൂടുകളും ഇന്ന് തന്നെ സ്ഥാപിക്കും. വനാതിര്‍ത്തിയിൽ പ്രതിരോധം ഒരുക്കുന്നതിനായി ഫെന്‍സിങ് നിര്‍മാണം വൈകുന്നത് വേഗത്തിലാക്കും. ടെണ്ടര്‍ നടപടി വൈകുന്നതിനാലാണ് കാലതാമസം. ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

മരിച്ച രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകും. രാധയുടെ മകന് ജോലി നൽകണമെന്നാണ് ആവശ്യം. ഇക്കാര്യതിൽ താൻ തന്നെ മുൻകൈയെടുത്ത് സര്‍ക്കാരിൽ നിന്ന് അനുകൂല തീരുമാനം വാങ്ങിക്കാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ രാധയുടെ ഭര്‍ത്താവ് വനം വാച്ചറാണ്. കുടുംബത്തിന് ധനസഹായമായി നിലവിലുള്ള മാനദണ്ഡപ്രകാരം 10 ലക്ഷവും അതിന് പുറമെ ഒരു ലക്ഷവും ചേര്‍ത്ത് 11 ലക്ഷം നഷ്ടപരിഹാരം നൽകും. ഇതിൽ അ‍ഞ്ചു ലക്ഷം ഇന്ന് തന്നെ നൽകുമെന്നും മന്ത്രി ഒആര്‍ കേളു പറഞ്ഞു.കാപ്പിത്തോട്ടത്തിൽ വെച്ച് കടുവ രാധയെ ആക്രമിച്ചശേഷം ആറു മീറ്റാണ് വലിച്ചിഴച്ച് കൊണ്ടുപോയത്. 

കടുവാഭീതി ഒരാഴ്ച മുൻപേ അറിയിച്ചു, വനം വകുപ്പ് അനങ്ങിയില്ല; മന്ത്രിക്കെതിരെ വൻ പ്രതിഷേധം; സംഘർഷാവസ്ഥ

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്; കടുവ ആക്രമണം, സ്ത്രീയുടെ മരണത്തില്‍ പ്രതിഷേധം ശക്തം

 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും