യുവതിയുടെ ദുരൂഹമരണം: സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

By Web TeamFirst Published Dec 22, 2019, 6:19 AM IST
Highlights

വൈത്തിരി സ്വദേശിനിയായ സക്കീനയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നാണ് ഭർത്താവ് ജോൺ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി. 

വയനാട്: വൈത്തിരിയിലെ യുവതിയുടെ ദുരൂഹ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതി അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, പരാതിയുമായി കോടതിയെ സമീപിക്കാനാണ് യുവതിയുടെ ഭർത്താവിന്‍റെ തീരുമാനം.

വൈത്തിരി സ്വദേശിനിയായ സക്കീനയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നാണ് ഭർത്താവ് ജോൺ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി. തുടർന്ന് അസ്വാഭാവിക മരണത്തില്‍ കേസ് രജിസ്റ്റർ ചെയ്ത വൈത്തിരി പൊലീസ് ഗഗാറിന്‍റെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒക്ടോബർ 21 ന് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം 60 ദിവസം പിന്നിടുമ്പോള്‍ അവസാനിപ്പിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. 

മരണം ആത്മഹത്യ തന്നെയാണ്. സക്കീന മുന്‍പും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, കേസില്‍ ആരെയും പ്രതി ചേർക്കാന്‍തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വൈത്തിരി സിഐ വ്യക്തമാക്കി. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

എന്നാല്‍, പൊലീസില്‍നിന്നും നീതികിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ ഭർത്താവായ ജോൺ വ്യക്തമാക്കി. പി ഗഗാറിനെതിരായി പരാതി നല്‍കിയ സാഹചര്യത്തില്‍ തനിക്ക് ജോലിക്കായി പോലും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണുള്ളതെന്നും പാർട്ടി പ്രവർത്തകരില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്നും ജോൺ പറഞ്ഞു.

click me!