
കോഴിക്കോട്: ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സമസ്തയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം. ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ രംഗത്തെത്തി. സമൂഹത്തിൽ ഇടപെടാനുള്ള ഇടം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് ലീഗ് വനിതകൾക്ക് സീറ്റുകൾ നൽകിയതെന്നും അബ്ദു സമദ് പൂക്കോട്ടൂർ പ്രതികരിച്ചു. ലീഗ് മത സംഘടന അല്ലെന്ന് പറഞ്ഞ അദ്ദേഹം, വഖഫ് ബോർഡിലേക്ക് സ്ത്രീകൾ വരുന്നതിൽ എതിപ്പില്ലാത്ത ആൾ തെരഞ്ഞെടുപ്പ് സമയത്ത് ലീഗിനെതിരെ പറഞ്ഞതിൽ ദുരുദ്ദേശമുണ്ടെന്നും വിമര്‍ശിച്ചു. എൽഡിഎഫിൽ നിന്നും ഉമർ ഫൈസിക്ക് സമ്മർദ്ദം ഉണ്ടോ എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാ അതെ ഇസ്ലാമിയുടെ പിന്തുണ പലവട്ടം വാങ്ങിയവരാണ് ലീഗ് ജമാ അത് ബന്ധം പറയുന്നതെന്നും സമദ് പൂക്കോട്ടൂർ വിമർശിച്ചു.
വിഷയത്തില്ഡ ഉമർ ഫൈസി മുക്കത്തെ തിരുത്തി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. അനവസരങ്ങളിൽ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു ജിഫ്രി തങ്ങളുടെ നിർദ്ദേശം. ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിയണം. ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിന്‍റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത് എന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം. ഇതിലാണ് ജിഫ്രി തങ്ങൾ ഇപ്പോൾ തിരുത്ത് വരുത്തിയത്. നേരത്തെ ഉമർ ഫൈസിയുടെ നിലപാട് പരസ്യമായി തള്ളി നാസർ ഫൈസി കൂടത്തായി പരസ്യമായി രംഗത്തെത്തിയിരുന്നു. ജനറൽ സീറ്റുകളിൽ മുസ്ലിം വനിതകൾ മത്സരിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്നും ഇതിന് സമസ്തയുടെ അംഗീകാരമുണ്ടെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam