
തിരുവല്ല: അടുത്ത തെരഞ്ഞെടുപ്പിൽ ജീവനോടെ ഉണ്ടെങ്കിൽ ഇനിയും മത്സരിക്കുമെന്ന് തിരുവല്ലയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുട്യൂബർ ചെകുത്താൻ എന്ന അജു അലക്‌സ്. ചിലർ ചോദിക്കുന്നു താൻ ശെരിക്കും മത്സരത്തിൽ ഉണ്ടോയെന്ന്. ബലൂൺ ആണ് ചിഹ്നം. ആരോടും മത്സരത്തിനല്ല. ഒരു സുതാര്യമായ ഭരണ സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതിന് അധികാര പദവികൾ ആവശ്യമായത് കൊണ്ട്, അതിലേക്കു എത്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മത്സരിച്ച് അവിടെ എത്തി ഉദ്ദേശിച്ച കാര്യം നടത്താൻ ശ്രമിക്കുകയാണെന്ന് അജു അലക്സ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തന്റെ സവിശേഷമായ 'റോസ്റ്റിംഗ്' ശൈലിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെയും അതിലധികം വിമർശകരെയും സമ്പാദിച്ച വ്യക്തിയാണ് അജു അലക്സ്. സിനിമ താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ അദ്ദേഹത്തിന്റെ രൂക്ഷമായ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. പലപ്പോഴും നിയമപരമായ നടപടികളും പൊലീസ് കേസുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. 'യഥാർത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദം' എന്നതാണ് അജു അലക്സിന്റെ പ്രധാന പ്രചാരണ വാചകം. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, സാധാരണക്കാരന്റെ യഥാർത്ഥ ആവശ്യങ്ങൾ നിയമസഭയിൽ എത്തിക്കാൻ ഒരു സ്വതന്ത്ര ശബ്ദത്തിന് മാത്രമേ കഴിയൂ എന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. പാരന്പര്യ രാഷ്ട്രീയ ശൈലികളോട് കലഹിക്കുന്ന ഒരു വിഭാഗം യുവാക്കളുടെ വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ യൂട്യൂബർ.
അജു അലക്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോകൾ പോലെ തന്നെ വ്യത്യസ്തമാണ്. വളരെ ലളിതവും എന്നാൽ പഞ്ചിംഗുമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. 'ദൈവങ്ങൾ കോടികൾ കാണും. ചെകുത്താൻ ഒന്നേയുള്ളൂ. ചെകുത്താന്റെ പേരിൽ യുദ്ധവും നടന്നിട്ടില്ല. അത് പോരെ അളിയാ...' എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. തന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിക്കുന്നവർക്ക് മറുപടിയായി, 'നമ്മുടെ കൂട്ടത്തിൽ ആരുമില്ലേ ചെകുത്താനെതിരെ മത്സരിക്കാൻ?' എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam