
തിരുവനന്തപുരം: കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സക്കു വേണ്ടി സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും സമാഹരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭര്‍ത്താവ് കടന്നുകളഞ്ഞ യുവതിക്കും മകനും താങ്ങായി വനിതാ കമ്മീഷന്‍.
കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സയ്ക്ക് സമാഹരിച്ച പണവുമായി കടന്നുകളഞ്ഞ പിതാവിനെതിരെ സ്വമേധയാ കേസെടുത്തതായും നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
തിരുവനന്തപുരം ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ബാധിതനായ നാലു വയസുകാരന്‍ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്. മരുന്നു വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ വിഷമിച്ചിരുന്ന നിസയ്ക്കും കുടുംബത്തിനും ആശ്വാസമായി പൊതുപ്രവര്‍ത്തകനായ ഷമീര്‍ സോഷ്യല്‍ മീഡിയ വഴി നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കി.
ഭര്‍ത്താവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ആ പണവുമായി ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇതോടെ നിസയും മകനും തെരുവിലാവുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയില്‍ വഴിയാത്രക്കാര്‍ ഭക്ഷണം വാങ്ങി നല്‍കുന്ന വാര്‍ത്തയറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ സ്വമേധയാ ഇടപെടുകയായിരുന്നു.
വിവരം അറിഞ്ഞ ഉടന്‍ തന്നെ നിസയെ ഫോണില്‍ ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മണക്കാട് സേവാ കേന്ദ്രത്തില്‍ രണ്ടു ദിവസം താല്‍ക്കാലിക സംരക്ഷണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് സേവാ കേന്ദ്രം പ്രസിഡന്റ് വക്കം ഷാജഹാന്‍ നിസയേയും മകനേയും കമ്മിഷന്‍ ആസ്ഥാനത്ത് ഹാജരാക്കി. നിസയ്ക്ക് ഒരു വയസുള്ള മറ്റൊരു കുട്ടി കൂടി ഉണ്ട്. ആ കുട്ടിയേയും നിസയുടെ അടുത്ത് എത്തിക്കും. ഇവരുടെ പൂര്‍ണ്ണ സംരക്ഷണവും കുട്ടിയുടെ ചികിത്സയും പത്തനാപുരം ഗാന്ധി ഭവന്‍ ഏറ്റെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam