
തിരുവനന്തപുരം: ആശാ, അങ്കനവാടി പ്രവർത്തകരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരവുമായി വനിതാ പൊലീസ് റാങ്ക് ഹോൾഡർമാരും. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സർക്കാരിന്‍റെ കനിവ് തേടി വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 20 നാണ് 964 പേരുൾപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആകെ നടത്തിയത് 268 നിയമനം മാത്രമാണ്. കഴിഞ്ഞ വർഷം മാത്രം 815 ഉദ്യോഗാർത്ഥികളെയാണ് നിയമിച്ചിട്ടുണ്ടായിരുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. മോഹിച്ച ജോലി കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെടുന്നതിന്‍റെ വേദനയിലാണ് ഇവർ.
സംസ്ഥാന പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 15% ആക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രികയിൽ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനത്തെ പിന്തുണയ്ക്കുന്നതിനായി ഇത്തവണ 9:1 അനുപാതം നടപ്പിലാക്കിയെങ്കിലും, യഥാർത്ഥ നിയമനങ്ങൾ ഗണ്യമായി കുറയുകയാണ് ചെയ്തത്. സംസ്ഥാനത്തെ 56,000 പേരടങ്ങുന്ന പോലീസ് സേനയിൽ ഏകദേശം 5,000 മാത്രമാണ് വനിതകളുടെ എണ്ണം. ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാർ ആവശ്യമാണ്, എന്നാൽ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല എന്നിരിക്കെയാണ് റാങ്ക് ലിസ്റ്റിലുള്ളവരോട് സർക്കാർ മുഖം തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam