
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നാണെന്നും കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം അഭിപ്രായപ്പെട്ടു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു. തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു. എതിർപ്പുകളെ ഭയക്കാതെ ഇനിയും ഇത്തരം കാര്യങ്ങൾ തുറന്നു പറയുക തന്നെ ചെയ്യുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് പുതിയ പ്രസംഗം.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിൽ പറയുന്നത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ വിവരിച്ചിരുന്നു. ഇതിൽ വലിയ വിമർശനവുമായി കെ കെ ശൈലജയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവർത്തിച്ച് കാന്തപുരം രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam