കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ലോകനാഥ്‌ ബെഹ്റ പടിയിറങ്ങി. പ്രതിദിന യാത്രക്കാരുടെ വർദ്ധനവ്, വാട്ടർ മെട്രോയുടെ വിജയം, പ്രവർത്തന ലാഭം എന്നിവ നേട്ടങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ എംഡിയെ നിയമിക്കുന്നതുവരെ നൽകി.

കൊച്ചി : കൊച്ചി മെട്രോയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ലോകനാഥ്‌ ബെഹ്റയുടെ വിടവാങ്ങൽ പ്രസംഗം. കഴിഞ്ഞ 5 വർഷത്തിനിടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞു. രാജ്യത്തെ പ്രഥമ വാട്ടർ മെട്രോ വിജയകരമായി നടപ്പിലാക്കി. ടിക്കറ്റ് എടുക്കുന്നത് കൂടുതൽ ലളിതമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 53 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടാക്കി. കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും ബെഹ്റ പറഞ്ഞു. കേരള മെട്രോ എന്ന് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലടക്കം ബെഹ്റ മൗനം പാലിച്ചു.

ഔദ്യോഗിക കാലാവധി ഈ മാസം 30 ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ബെഹ്റ സ്ഥാനമൊഴിഞ്ഞത്. പുതിയ സ്ഥിരം എംഡിയെ സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും. 2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ അമരക്കാരനായി നിയമിതനാകുന്നത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരുന്നു. ബെഹ്‌റയുടെ നേതൃത്വത്തിലാണ് കൊച്ചി വാട്ടർ മെട്രോ വിജയകരമായി യാഥാർഥ്യമാക്കിയതും രണ്ടാം ഘട്ട മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയതും. എന്നാൽ ഇത്തവണ ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൂടുതൽ കാലാവധി നീട്ടിനൽകേണ്ടതില്ലെന്ന് സർക്കാരിന്റെ തീരുമാനമെടുക്കുകയായിരുന്നു. പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്.