Socio Economic survey : സഹകരിക്കണമെന്ന ആവശ്യം തള്ളി; മുന്നോക്ക സർവേയോടുള്ള എതിർപ്പ് തുടരുമെന്ന് എന്‍എസ്എസ്

By Web TeamFirst Published Nov 29, 2021, 7:07 PM IST
Highlights

വിശദവും ശാസ്ത്രീയവുമായ സര്‍വേ നടത്തണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നതും ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നും കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു. 

മുന്നോക്ക സർവേയോടുള്ള (Forward Community survey) എതിർപ്പ് തുടരുമെന്ന് ആവർത്തിച്ച് എന്‍എസ്എസ്. സര്‍വേയോട് സഹകരിക്കണമെന്ന മുന്നോക്ക കമ്മീഷന്റെ ആവശ്യം തള്ളി എന്‍എസ്എസ് നിലപാട്. കാലാവധി തീരും മുൻപ് ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ആണ് സർവേ എന്ന നിലപാട് എന്‍എസ്എസ് തള്ളി. മുന്നോക്ക കമ്മീഷൻ സ്ഥിരം കമ്മീഷൻ ആണെന്ന് എന്‍എസ്എസ് പറയുന്നു. എന്‍എസ്എസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മുന്നോക്ക കമ്മീഷൻ  നേരത്തെ മറുപടി നൽകിയിരുന്നു.

വിശദവും ശാസ്ത്രീയവുമായ സര്‍വേ നടത്തണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നതും ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നും കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു. കമ്മീഷന്‍ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുന്‍പ് ഫലപ്രാപ്തി ലഭിക്കാത്ത  നിലയില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്ന കമ്മീഷന്‍റെ നിലപാട് ന്യായീകരിക്കാനാവത്തതാണെന്നും മുന്നോക്ക സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും എന്‍എസ്എസ് പത്രക്കുറിപ്പില്‍ വിശദമാക്കി.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിവരശേഖരണത്തിനായാണ് സാമ്പത്തിക സര്‍വേ നടത്തിയത്. സംവരണേതര വിഭാഗത്തിൽ ഒരു വിഭാഗം ദരിദ്രരാണെന്നാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. ചിലർ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും നേരത്തെ സാമ്പത്തിക സംവരണത്തിനെതിരെ ഉയര്‍ന്ന വിമര്ശനങ്ങളേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

നിലവിലെ സംവരണം അട്ടിമറിക്കാൻ ഉദ്ദേശം ഇല്ല, ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ കിട്ടുന്നത് കാരണമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാത്തതെന്ന് ചിലർ വാദിക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. സംവരേണതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. ഒരു സംവരണവും അവർക്ക് ലഭിക്കില്ല. ഇതാണ് 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്ത് 50% സംവരണം പട്ടികജാതി–പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്. ബാക്കിവരുന്ന പൊതുവിഭാഗത്തിലെ 50% ൽ 10%ന് പ്രത്യേക പരിഗണന നൽകുന്നതാണ് ഇപ്പോൾ വരിക. സംവരേണതര വിഭാഗത്തിൽ ഏറ്റവും ദാരിദ്ര്യം അനുവഭവിക്കുന്നവർക്കാണ് ഈ സംവരണ ആനുകൂല്യമെന്നും ഈ സംവരണം ഏതെങ്കിലും സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദമാക്കിയിരുന്നു.

ഓരോ വാർഡിലെയും അഞ്ച് കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള സാമ്പിൾ സ‍ർവ്വേയുടെ ചുമതല കുടുംബശ്രീക്കാണ്. വാർ‍ഡ് മെംബറും കുടുംബശ്രീ ഭാരവാഹികളും വില്ലേജ് ഓഫീസറും യോഗം ചേർന്ന് സർവ്വേ നടപടി തീരുമാനിക്കുന്നത്. മുന്നോക്ക സംവരണം എൻഎസ്എസ് വർഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും നിലവിലെ സർവ്വ രീതിയെയാണ് സംഘടന എതിർ‍ക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ മുന്നോക്ക വിഭാഗങ്ങളിലെയും വീടുകൾ സന്ദർശിച്ചാകണം സർവ്വേ. അഞ്ച് വീതം കുടുംബങ്ങളുടെ കണക്കെടുക്കുന്നത് അശാസ്ത്രീയമാണെന്നാണ് എൻസ്എസ് നിലപാട്.  സെൻസസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. 

click me!