യുഡിഎഫിൽ നിന്ന് പുറത്തായാലും യുപിഎയുടെ ഭാഗം, എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി

By Web TeamFirst Published Jul 2, 2020, 11:55 AM IST
Highlights

മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. മുന്നണികളുമായി ബന്ധപ്പെട്ട ഒരു ചർച്ചയോ ആലോചനയോ നടന്നിട്ടില്ല. 

കോട്ടയം: ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് പുറത്തായാലും തങ്ങൾ യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ മാണി എംപി. അതുകൊണ്ടുതന്നെ എംപി സ്ഥാനം രാജിവയ്ക്കില്ല. തങ്ങളെ കുറിച്ചുള്ള എൽഡിഎഫിന്റെ പ്രസ്‌താവനയിൽ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. മുന്നണികളുമായി ബന്ധപ്പെട്ട ഒരു ചർച്ചയോ ആലോചനയോ നടന്നിട്ടില്ല. കേരള കോൺഗ്രസിൽ മുൻപും പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. ജോസഫ് മൂന്ന് ദിവസം മുൻപ് പറഞ്ഞതാണ് യുഡിഎഫ് ആവർത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ട് ഉണ്ടോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിതന്നെയെന്നും ഇത് സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ദേശാഭിമാനിയിലെ ലേഖനത്തിലെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും എല്‍ഡിഎഫ് കൺവീനര്‍ എ വിജയരാഘവൻ. യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി. 

യുഡിഎഫിലെ നിലവിലെ പ്രതിസന്ധിയും നിലവിൽ കേരളത്തില്‍ രൂപപ്പെട്ട് വന്ന രാഷ്ട്രീയ കാര്യങ്ങളും വിശകലനം ചെയ്യും. എല്‍ഡിഎഫ് വിപുലീകരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാൻ സാധിക്കില്ല. യുഡിഎഫ് വിട്ടവര്‍ നിലപാട് വ്യക്തമാക്കിയാല്‍ എൽഡിഎഫ് അഭിപ്രായം പറയും. തങ്ങളെ സമീപിച്ചെന്ന് ജോസ് കെ മാണി ഇതുവരെയും പറഞ്ഞിട്ടില്ലല്ലോയെന്നും എൽഡിഎഫ് കൺവീനര്‍ കൂട്ടിച്ചേര്‍ത്തു. 

click me!