
തിരുവനന്തപുരം : സംസ്ഥാനത്ത് വർക്കേഷൻ കരടുനയം ജനുവരിയിൽ രൂപീകരിക്കുമെന്ന് വിനോദ സഞ്ചാര വികസന വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൊഴിലിനൊപ്പം വിനോദവും എന്ന പുത്തൻ പ്രവണത പ്രോൽസാഹിപ്പിക്കാൻ നടപടി സ്വീകരിക്കും. രാജ്യത്തെ ഏറ്റവും മികച്ച വർക്കേഷൻ ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിലിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും സൃഷ്ടിപരമായ ചിന്തക്ക് ഊന്നൽ നൽകുന്നതുമായ തൊഴിൽ സംസ്കാരം വ്യാപകമാവുകയാണെന്ന് മന്ത്രി വിലയിരുത്തി. അതിന് ഏറ്റവും പറ്റിയ ഡെസ്റ്റിനേഷൻ കേരളമാണ്. കേരളത്തിന്റെ സ്വാഭാവിക പ്രകൃതി സൗന്ദര്യം വർക്കേഷൻ പ്രോൽസാഹിപ്പിക്കുന്നതിന് അനുയോജ്യമാണ്. അത് പരമാവധി പ്രയോജനപ്പെടുത്താൻ സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കേരളത്തിലെ വർക്കേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക യോഗം വിശദമായി ചർച്ച ചെയ്തു. വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പു വരുത്താൻ ഈ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ക്കൊണ്ടുവരാൻ യോഗം തീരുമാനിച്ചു.
ടൂറിസം ഡയറക്റ്റർ ശിഖാ സുരേന്ദ്രൻ, ഐ റ്റി വകുപ്പ് സെക്രട്ടറി ശ്രീറാം സാംബശിവ റാവു, കെ ഫോൺ മാനേജിംഗ് ഡയറക്റ്റർ സന്തോഷ് ബാബു, കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അന്നൂപ് അംബിക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഹോട്ടൽ ആൻഡ് റിസോർട്ട് അസോസിയേഷൻ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ്, ഐ റ്റി പാർക്കുകൾ, ഐറ്റി ജീവനക്കാരുടെ സംഘടന തുടങ്ങിയവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam