
മലപ്പുറം: മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് കയർ കഴുത്തിൽ കുടുങ്ങി മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു.
മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ തെന്നി വീഴുകയും കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയുമായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തെങ്ങ് കയറ്റമാണ് ഇദ്ദേഹത്തിന്റെ പ്രധാന ഉപജീവന മാർഗം. മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടത്തുകയും ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam