ഇന്ന് അന്താരാഷ്ട്ര ആന ദിനം: രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ ചരിഞ്ഞത് 35 നാട്ടാനകള്‍

By Web TeamFirst Published Aug 12, 2020, 10:05 AM IST
Highlights

നാട്ടാന പരിപാലന നിയമം കര്‍ശനമാക്കി നടപ്പാക്കുന്നെന്ന് കേരളം അവകാശപ്പെടുമ്പോള്‍, ചികിത്സയ്‌ക്കോ പരിചരണത്തിനോ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
 

പാലക്കാട്: ആനകളുടെ സംരക്ഷണത്തിന് ലോകമാകെ കൈകോര്‍ക്കണമെന്ന സന്ദേശമുയര്‍ത്തി ഇന്ന് അന്താരാഷ്ട്ര ആന ദിനം. അതേസമയം നോട്ടപ്പിഴവും പരിപാലനത്തിലെ അശാസ്ത്രീയതയും കാരണം കേരളത്തില്‍ നാട്ടാനകള്‍ ചരിയുന്നത് തുടര്‍ക്കഥയാവുകയാണ്. രണ്ടുവര്‍ഷത്തിനിടെ 35 നാട്ടാനകളാണ് കേരളത്തില്‍ ചരിഞ്ഞത്. ആനകള്‍ നാട്ടിലും കാട്ടിലും സുരക്ഷിതരല്ലെന്ന യാഥാര്‍ത്ഥ്യമാണ് സമീപകാലത്തെ സംഭവങ്ങള്‍.

പാലക്കാട് തിരുവിഴാംകുന്നിനടുത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത് ഉള്‍പ്പെടെ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ 5 കാട്ടാനകള്‍ ദുരൂഹ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചരിഞ്ഞു. നാട്ടാനകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. കേരളത്തില്‍ ഇപ്പോഴുളളത് 521ആനകള്‍ മാത്രം. പരിപാലത്തിലെ പാളിച്ച കാരണം വന്ന പാദരോഗവും എരണ്ടകെട്ടും കൊണ്ട് 2 വര്‍ഷത്തിനിടെ 35 നാട്ടാനകള്‍ ചരിഞ്ഞു. ഉടമകളുടെ നോട്ടക്കുറവിനെതിരെ വനംവകുപ്പിന് പരാതിപോയിട്ടും ശക്തമായ നടപടികളുണ്ടായില്ലെന്നും ആരോപണമുണ്ട്. 

നാട്ടാന പരിപാലന നിയമം കര്‍ശനമാക്കി നടപ്പാക്കുന്നെന്ന് കേരളം അവകാശപ്പെടുമ്പോള്‍, ചികിത്സയ്‌ക്കോ പരിചരണത്തിനോ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 10 വിദഗ്ധ ഡോക്ടര്‍മാര്‍ മാത്രമാണ് ആകെയുള്ളത്. രോഗ നിര്‍ണയത്തിന് പോലും സംവിധാനങ്ങളില്ല. ആനപ്രേമത്തിലുപരി വരുമാനമാര്‍ഗം കൂടിയാണ് സംസ്ഥാനത്ത് നാട്ടാനകള്‍. കൊവിഡ് കാലത്ത് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സ്ഥാനമില്ലാത്തതിനാല്‍ ആ വഴിക്കുളള വരുമാനവും നിലച്ചു. അതുകൊണ്ട് തന്നെ ഇനിയുളള നാളുകളില്‍ നാട്ടാനകളുടെ പരിപാലനത്തില്‍ എത്രത്തോളം ശ്രദ്ധ പുലര്‍ത്താനാവുമെന്നതും ആശങ്കയുളവാക്കുന്നതാണ്.

click me!