സംസ്ഥാനത്ത് ഇന്ന് ഇതുവരെ 303 അപകടം; ഒമ്പത് മരണം; 214 പേർക്ക് പരിക്ക്

By Web TeamFirst Published Nov 17, 2019, 5:42 PM IST
Highlights

അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയമായ സിഗ്നലുകളുമാണ് അപകടങ്ങളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ വാഹനാപകടങ്ങളിലായി ഒമ്പത് പേർ മരിച്ചു. 303 അപകടങ്ങളിൽ 214 പേർക്ക് പരിക്കേറ്റു. പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ദമ്പതിമാരടക്കം മൂന്നുപേരാണ് മരിച്ചത്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയമായ സിഗ്നലുകളുമാണ് അപകടങ്ങളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം. 

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉച്ചയ്ക്ക് 12.10 വരെ 11 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റ 18 പേരെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നാല് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉച്ചയ്ക്ക് ബൈക്കും കാറും കൂട്ടിയിടിച്ച് എരുമപ്പെട്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. 

കൂത്താട്ടുകുളം പിറവം റോഡിൽ തിരുമാറാടി ഹൈസ്കൂൾ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. വഴിയാത്രക്കാരായ സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരം  ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  

കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റ് ഇടിച്ചുതകർത്ത ശേഷമാണ് വഴിയാത്രക്കാരെ ഇടിച്ചത്. മറിഞ്ഞ കാറിൻറെ അടിയിൽപ്പെട്ട യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്.

ആലപ്പുഴ കരുമാടിയിൽ ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു.എടത്വ പച്ച സ്വദേശി കെവിൻ ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അതേസമയം, രാത്രി പൊന്നാനിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ നൗഷാദിന്റെ നില ഗുരുതരമായി തുടരുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് നൗഷാദുള്ളത്. നൗഷാദിനൊപ്പം കാറിലുണ്ടായിരുന്ന തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിൽ പൊന്നാനി കുണ്ടുകടവില്‍ വച്ച് ലോറി ഇടിക്കുകയായിരുന്നു. 

click me!