
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും. ഭാര്യ- സി.രാധ.മക്കള്‍- സൂര്യ സന്തോഷ്, സൗമ്യ
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂൾ, കരിക്കോട് ശിവറാം ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1961-1968 കാലഘട്ടത്തില്‍ കൗമുദി ആഴ്ചപ്പതിപ്പില്‍ കെ.ബാലകൃഷ്ണനൊപ്പം സഹപത്രാധിപരായി പ്രവര്‍ത്തിച്ചു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റ്യൂട്ടിലും ജോലി ചെയ്തു.
2017-ല്‍ സാഹിത്യരംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കിയിരുന്നു. മഴയുടെ ജാലകം, ഞാൻ എന്‍റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങൾ), ഓർമ്മയുടെ വർത്തമാനം. മായാത്ത വരകൾ, നേർവര (ലേഖന സമാഹാരങ്ങൾ), എന്നിവയാണ് പഴവിള രമേശന്‍ രചിച്ച പുസ്തകങ്ങള്‍. ഞാറ്റടി, ആംശസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍. വസുധ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
പഴവിള രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചു നിന്ന അദ്ദേഹം കവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നുന്നെന്നും അനുശോചന കുറിപ്പില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam