
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പോസ്റ്റ്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ. സി വേണുഗോപാലിന്റെ യോഗ്യത എന്താണ് എന്ന ചോദ്യം ആ മനുഷ്യന്റെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനത്തെ റദ്ദ് ചെയുന്ന ഒന്നാണെന്നും അവർ കുറിച്ചു. ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടർന്നു വരുന്ന ചേർത്തു പിടിക്കലിന്റെയും കേൾവിയുടെയും കരുണയുടെയും രാഷ്ട്രീയത്തെ പെട്ടെന്നു പൊട്ടിമുളച്ച ഒന്നായും അവതരിപ്പിക്കുന്നത് നൈതികമല്ല, വസ്തുതാ വിരുദ്ധമാണെന്നും അവർ കുറിച്ചു.
കോൺഗ്രസിന്റെ പ്രതാപകാലത്തല്ല അയാൾ പാർട്ടിയെ ദേശീയ തലത്തിൽ നയിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാടൊട്ടുക്കും പരാജയപെട്ട് നിൽക്കെയാണ് 7 വർഷം മുമ്പ് അയാൾ ആ ‘ഭാരം’ ചുമലിലേറ്റിയത്. കോൺഗ്രസ് പാർട്ടിക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് കോൺഗ്രസുകാർ പോലും വിധിയെഴുതിയിടത്തുനിന്ന് വിജയത്തിലേക്ക് കോൺഗ്രസിനെ മുന്നോട്ട് നയിച്ച പ്രേരക ശക്തി തന്നെയായിരുന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലെന്നും ഇടതുകോട്ടയായ ആലപ്പുഴ പൊളിച്ചതും കെ.സിയാണെന്നും സുധാമേനോൻ പറഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നാലായിരം കിലോമീറ്ററോളം രാഹുല്‍ഗാന്ധി പദയാത്രയായി സഞ്ചരിച്ച 'ഭാരത് ജോഡോ യാത്ര' യുടെ മുഖ്യ സംഘാടകനും നിങ്ങൾ യോഗ്യത ഇല്ലെന്നു പറയുന്ന കെ.സി വേണുഗോപാലായിരുന്നുവെന്നും അവർ കുറിച്ചു. പാർട്ടി കമ്മറ്റികളിലെ വിവരങ്ങൾ നിങ്ങളോട് (മാധ്യമങ്ങളോട്) രഹസ്യമായി പങ്കുവെക്കാത്തതും, എത്ര പ്രതിസന്ധിയുണ്ടായാലും വാർത്തകളിൽ നിറയാനായി പാർട്ടിയെയും പ്രവർത്തകരെയും തള്ളി പറയാത്തതും നിങ്ങൾക്ക് അദ്ദേഹത്തിന്റെ അയോഗ്യതയാകാം. അത് അയോഗ്യതയാണെങ്കിൽ ആ അയോഗ്യതയോടു കൂടിയ കെസിയെയാണ് സാധാരണ പ്രവർത്തകരായ ഞങ്ങൾക്കിഷ്ടമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam