
കൊച്ചി: സിസ്റ്റർ അഭയാക്കേസ് വിധിയിൽ നിലപാട് വ്യക്തമാക്കി സിറോ മലബാർ സഭ. കോടതി വിധിയെ അംഗീകരിക്കുന്നുവെങ്കിലും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നാണ് പൊതുനിലപാടെന്ന് സഭാ സിനഡ് വ്യക്തമാക്കി. വിധിയിലെ ഉളളടക്കം സംബന്ധിച്ച് നിയമഞ്ജർ അടക്കം ഉന്നയിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ മേൽക്കേടതിയിൽ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.
അഭയാക്കേസിൽ വൈദികനേയും കന്യാസ്ത്രീയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് ശേഷം ആദ്യമായി ചേർന്ന സിനഡ് യോഗത്തിലാണ് സിറോ മലബാർ സഭ നിലപാട് അറിയിച്ചത്. രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയിൽ വിശ്യാസമുളള സമൂഹം എന്ന നിലയിൽ വിധിയെ സഭയും അംഗീകരിക്കുന്നു. എന്നാൽ ഉത്തരവിന്‍റെ ഉളളടക്കം സംബന്ധിച്ച് മുൻ ന്യായാധിപൻമാരും ഫൊറൻസിക് വിദഗ്ധരും കുറ്റാന്വേഷകരും പ്രകടിപ്പിച്ച വ്യത്യസ്ഥ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടേണ്ടതാണ്.
നിക്ഷിപ്ത താൽപര്യങ്ങളെ പ്രതി നിരപരാധികൾ ശിക്ഷിക്കപ്പെടുകയും യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. മേൽക്കോടതികളിലെ അപ്പീലിൽ നിജസ്ഥിതി കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിനഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ അഭയാക്കേസിന്‍റെ പേരിൽ സ്വന്തം അഭിപ്രായങ്ങൾ സഭയുടെ അഭിപ്രായങ്ങളായി അവതരിപ്പിക്കുന്നതിൽ നിന്ന് ഉത്തരവാദിത്വപ്പെട്ടവർ പിൻമാറണമെന്നും സിനഡ് ആവശ്യപ്പെട്ടു. പോട്ട ആശ്രമത്തിലെ ഫാദർ മാത്യു നായ്കം പറന്പിൽ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണിത്.
വൈദികൻ തന്നെ ഇക്കാര്യത്തിൽ ക്ഷമ ചോദിച്ചതാണെന്നും അച്ചടക്ക നടപടികളൊന്നും പരിഗണനയിലില്ലെന്നും കെസിബിസിയും സഭാ അധികൃതരും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam