
തൃശൂര്‍: പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേരള കേഡറില്‍ ജോലി ആരംഭിച്ചതു മുതല്‍ എറണകുളത്ത് സമരക്കാരെ തല്ലിയതും ശബരിമലയിലെ സ്പെഷ്യല്‍ ഡ്യൂട്ടിയുമെല്ലാം യതീഷ് ചന്ദ്രയെ ഒന്നിന് പുറകെ ഒന്നായി വിവാദത്തിലാക്കി.
ശബരിമല സീസണില്‍ യുവതീ പ്രവേശന വിധിയും പ്രളയവും കണക്കിലെടുത്ത് പൊലീസ് ഒരുക്കിയ നിയന്ത്രണങ്ങളും നിലക്കല്‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള വാഹന നിയന്ത്രണമവും അടക്കം എല്ലാ കാര്യങ്ങളിലും യതീഷ് ചന്ദ്ര പഴികേട്ടു.
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറി, ഹൈക്കോടതി ജഡ്ജിയെ തടഞ്ഞു തുടങ്ങിയ ആരോപണങ്ങളും യതീഷ് ചന്ദ്രയെ വിവാദങ്ങളില്‍ മുക്കി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലയെ നിലക്കലില്‍ തടഞ്ഞു നിര്‍ത്തിയതായിരുന്നു മറ്റൊരു സംഭവം.
പ്രധാനമന്ത്രി തൃശൂരെത്തിയപ്പോള്‍ ബഹുമാനക്കുറവ് കാട്ടിയെന്ന ആരോപണവും ഉയര്‍ന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റുമായി ഇത്തരം പ്രചാരണവും നടന്നു. സംഭവങ്ങള്‍ക്ക് പിന്നാലെ തൃശൂര്‍ സിറ്റി പൊലീസ് ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. പേജിന്‍റെ കവര്‍ ഫോട്ടോയും ഇത് തന്നെയാണ്.
ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയപ്പോള്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കൊപ്പം നിന്ന് അദ്ദേഹത്തിന് കൈകൊടുക്കുന്നതാണ് ചിത്രം. ഹെലികോപ്ടറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് യതീഷ് ചന്ദ്രയ്ക്ക് കൈകൊടുക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. നിമിഷ നേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam