ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദം, ഇന്നും മഴ തന്നെ! മണിക്കൂറിൽ 40 കി.മി വേഗതയിൽ കാറ്റും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Sep 26, 2025, 01:12 AM IST
kerala latest rain update

Synopsis

ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

രണ്ട് ചക്രവാതച്ചുഴികൾ, ന്യൂന മർദ്ദ സാധ്യതയും 

തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് ചരിഞ്ഞു കൊണ്ട്, വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള -മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇത് ക്രമേണ പടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം (Low Pressure Area) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തുടർന്ന് ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കു പടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ( Depression ) വീണ്ടും ശക്തിപ്പെടാനും സാധ്യതയുണ്ടെനാണ് പ്രവചനം. നാളെയോടെ തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ