Latest Videos

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്; റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, ജാഗ്രത വേണം

By Web TeamFirst Published May 26, 2024, 9:38 AM IST
Highlights

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല്  ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തിൽ ശക്തമായ മഴ തുടരാൻ കാരണം 

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. 

തെക്കൻ തമിഴ്‌നാട് തീരത്ത്  (കുളച്ചൽ മുതൽ കിലക്കരെ വരെ) ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 60 സെന്‍റി മീറ്ററിനും 75 സെന്‍റീമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. വടക്കൻ തമിഴ്‌നാട് തീരത്തും (പോയിന്‍റ് കാലിമർ മുതൽ പുലിക്കാട്ട് വരെ) ഇന്ന്രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത സെക്കൻഡിൽ 45 സെന്‍റി മീറ്ററിനും  65 സെന്‍റീമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.  മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Read More : ചികിത്സ വൈകി മരണം; 2 ഐസിയു ആംബുലൻസുകളും കട്ടപ്പുറത്ത്, 'സാങ്കേതികത്വം' പറഞ്ഞ് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്
 

click me!