ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക്; സംസ്ഥാനത്തെ യെല്ലോ അലർട്ട് പിൻവലിച്ചു

By Web TeamFirst Published Apr 30, 2019, 4:04 PM IST
Highlights

ഫോനി ചുഴലിക്കാറ്റ് ദിശമാറിയതിനെ തുടർന്ന് സംസ്ഥാനത്തെ യെല്ലോ അലർട്ട് പിൻവലിച്ചു. ചുഴലിക്കാറ്റ് മെയ്‌ 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പൂർണ്ണമായി പിൻവലിച്ചു. ഫോനി ചുഴലിക്കാറ്റിന്‍റെ ദിശ മാറിയ സാഹചര്യത്തിലാണ് അലർട്ട് പിൻവലിച്ചത്. 

എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് യെല്ലോ അലർട്ട് പിൻവലിച്ചത്. അതേസമയം, ഫോനി ചുഴലിക്കാറ്റ് മെയ്‌ 3ന് ഒഡിഷ തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറിൽ 175-185 കിലോമീറ്റർ വേഗത്തിൽ വീശാനാണ് സാധ്യത. 

തമിഴ്നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഒഡിഷയിലെ പുരിയില്‍ നിന്ന് 670 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലാണ് ഫോനിയുടെ സ്ഥാനം. വരുന്ന മണിക്കൂറുകളില്‍ അത് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. 

click me!