കാനറ ബാങ്കിന്‍റെ ജപ്തി ഭീഷണിയിൽ നെയ്യാറ്റിൻകരയിലെ മറ്റൊരു കുടുംബം

By Web TeamFirst Published May 15, 2019, 7:35 AM IST
Highlights

കാനറ ബാങ്കിന്‍റെ തന്നെ സമ്മർദ്ദം കാരണം ആത്മഹത്യയുടെ വക്കിലാണ് നെയ്യാറ്റിൻകരയിലെ തന്നെ മറ്റൊരു നിർദ്ധനകുടുംബം. ഭർത്താവ് മരിച്ചതോടെ വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയ പുഷ്പലീലയും കുടുംബവും എന്ത് ചെയ്യണമെന്നറിയാത്ത നിലയിലാണ്.

തിരുവനന്തപുരം: കാനറ ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്തത് ഇന്നലെയാണ്. വായ്പ നൽകിയ കാനറ ബാങ്കിന്‍റെ തന്നെ സമ്മർദ്ദം കാരണം ആത്മഹത്യയുടെ വക്കിലാണ് നെയ്യാറ്റിൻകരയിലെ തന്നെ മറ്റൊരു നിർദ്ധനകുടുംബം. ഭർത്താവ് മരിച്ചതോടെ വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയ പുഷ്പലീലയും കുടുംബവും എന്ത് ചെയ്യണമെന്നറിയാത്ത നിലയിലാണ്.

മൂന്ന് പെൺമക്കളുടെ വിവാഹത്തിനും മോട്ടോർ പമ്പ് ബിസിനസ് ആവശ്യങ്ങൾക്കുമായാണ് പുഷ്പലീലയുടെ ഭർത്താവ് റസൽ രാജ് 2015ൽ കാനറാ ബാങ്കിൽ നിന്നും വായ്പെടുത്തത്. പത്ത് ലക്ഷം രൂപയാണ് കുന്നത്തുകാൽ ശാഖയിൽ നിന്ന് റസൽ കൈപ്പറ്റിയത്. 2018 ഫെബ്രുവരിയിൽ റസൽരാജ് മരിക്കുന്നത് വരെ വായ്പ കൃത്യമായി അടച്ചു. റസൽ രാജിന്‍റെ മരണത്തോടെ ബിസിനസ് നഷ്ടത്തിലായി, വായ്പാ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്കുകാരുടെ മട്ടും മാറി. പലിശയടക്കം 11 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ആകെയുള്ള 30 സെന്‍റ് റബ്ബർ പുരയിടം ഈട് വച്ചാണ് വായ്പയെടുത്തത്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തിചെയ്യുമെന്ന് കാട്ടി നോട്ടീസ് പതിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ ഭീഷണിയെന്ന് പുഷ്പലീല പറയുന്നു.

വായ്പാ തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ട് പുഷ്പലീല മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പക്ഷെ ഏത് നിമിഷവും ജപ്തി നപടികളുമായി ബാങ്ക് അധികൃതർ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഇപ്പോളിവർ. മാരായമുറ്റത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഇവരുടെ ആശങ്ക ഏറിയിരിക്കുകയാണ്.

click me!