
തിരുവനന്തപുരം: ദേശീയ ഗെയിംസ് പരിശീലനത്തിനായി കേരള ഹാൻഡ്ബോള്‍ ടീമിന് ഭക്ഷണം നൽകിയ സംരംഭകന് 20 മാസമായിട്ടും പണം നൽകിയില്ലെന്ന് പരാതി. കേരള ഹാൻഡ്ബോള്‍ അസോസിയേഷനാണ് പണം നൽകാതെ യുവാവിനെ ദുരിതത്തിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ഹാൻഡ്ബോള്‍ അസോസിയേഷന്‍റെ വിശദീകരണം.
ഗുജറാത്തിൽ നടന്ന 36 മത് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള ഹാൻഡ്ബോള്‍ താരങ്ങള്‍ക്കുള്ള പരിശീലന ക്യാമ്പിലാണ് കാറ്ററിംഗ് യൂണിറ്റ് നടത്തുന്ന വികാസ് ഭക്ഷണം എത്തിച്ചത്. 2022 ഓഗസ്റ്റ് 12 മുതൽ സെപറ്റംബർ 27 വരെ തിരുവനന്തപുരം പൗണ്ട്കടവ് ഗ്രൗണ്ടിലായിരുന്നു ക്യാമ്പ്. സുഹൃത്ത് വഴിയാണ് വികാസ് ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റും കേരള ഹാൻഡ്ബോള്‍ അസോസിയേഷൻ സെക്രട്ടറിയും ടീം മാനേജറുമായ എസ് എസ് സുധീറിനെ പരിചയപ്പെടുന്നതും കരാർ ഏറ്റെടുത്തതും. ഓരോ ആഴ്ചയും കൃത്യമായി പണം നൽകാമെന്നായിരുന്നു ധാരണയെങ്കിലും 20 മാസമായിട്ടും ഒരു രൂപ പോലും നൽകിയില്ല. 4,80,000 രൂപയാണ് വികാസിന് ലഭിക്കാനുള്ളത്.
ക്യാമ്പിനെക്കുറച്ച് നിരവധി പരാതികള്‍ ഉയർന്നതിനെത്തുടർന്ന് പരിശീലനം തുടങ്ങി 19 ആം ദിവസം ക്യാമ്പ് നിർത്തിവെയ്ക്കാൻ സ്പോർട്സ് കൗണ്‍സിൽ ഉത്തരവിട്ടിരുന്നു. ഇത് മറച്ച് വെച്ചാണ് 50 ദിവസം ഭക്ഷണം എടുത്തതെന്ന് വികാസ്. 20 മാസമായിട്ടും പണം നൽകാത്തതെന്തെന്ന ചോദ്യത്തിന് സാമ്പത്തിക പ്രതിസന്ധിയെന്നാണ് ഹാൻഡ്ബോള്‍ അസോസിയേഷന്‍റെ മറുപടി. കൊടുത്ത ഭക്ഷണത്തിനുള്ള പണത്തിനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് യുവ സംരഭകൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam