
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട പൊലീസ്. ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങൾ ആണ് പുറത്തു വിട്ടത്.
KL-10-BA-9794 എന്ന വെളുത്ത മാരുതി സ്വിഫ്റ്റ് കാറിനെക്കുറിച്ചും KL-20-Q-8164 എന്ന സ്കൂട്ടറിനെ കുറിച്ചും വിവരം ലഭിക്കുന്നവർ കൊടുവള്ളി പൊലീസിനെ അറിയിക്കാൻ നിർദേശം.
അനൂസ് റോഷനെ ഏഴ് അംഗ സംഘമാണ് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. ബൈക്കിൽ രണ്ടു പേരും കാറിൽ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കിൽ ഉള്ളവരാണ് വീട്ടിൽ എത്തിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. ഇവരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അതിനിടെ തട്ടിക്കൊണ്ടു പോകൽ സംഘം ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് എത്തിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പരപാറയിൽ അനൂസ് റോഷന്റെ വീടിന് അടുത്ത് എത്തിയ സംഘം പ്രദേശത്തെ ചായക്കടയിൽ കയറുന്നതും പ്രദേശവാസിയുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാൾക്ക് തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
പ്രതികൾ തട്ടിക്കൊണ്ട് പോയ അനൂസ് റോഷന്‍റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ ആണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ. വിദേശത്ത് നിന്ന് കടന്ന അജ്മൽ ഇതുവരെ നാട്ടിൽ എത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് വീട്ടുകാർക്ക് നേരെ ഭീഷണിയും ഒടുവിൽ തട്ടിക്കൊണ്ടുപോകലും നടന്നത്.
പൊലീസ് കസ്റ്റഡിയിൽ എടുത്തവരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും ഒരാൾ കിഴക്കോത്ത് സ്വദേശിയുമാണ്. കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam