
കൊച്ചി: ആലുവ റെയിൽവേ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളളിയാഴ്ച വൈകുന്നേരമാണ് ഷൊർണൂർ കവളപ്പാറ മാണിയത്ത് വീട്ടിൽ അഖിൽ ഹരിദാസ് (25) മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്നും പുഴയിലേക്ക് ചാടിയത്. ട്രെയിൻ ആലുവ സ്റ്റേഷനിലെത്താൻ ഏകദേശം 150 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം.
ഇനി തിരിച്ചു വരില്ലെന്ന സന്ദേശം രാവിലെ അമ്മയുടെ മൊബൈലിലേക്ക് അയച്ച ശേഷമാണ് അഖിൽ വീട്ടിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ ഷൊർണൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ അഖിലിന്റെ മൊബൈൽ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തി. യുവാവ് ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതായി മനസ്സിലാക്കിയ പൊലീസ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വിവരം കൈമാറി. ട്രെയിൻ ആലുവയിൽ എത്തുന്നതിനിടെയായിരുന്നു അഖിൽ പെട്ടെന്ന് പുഴയിലേക്ക് ചാടിയത്.
ട്രെയിനിൽ യുവാവ് ഇരുന്ന സീറ്റിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്നാണ് വിലാസം ലഭിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരായ മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം മാർത്താണ്ഡവർമ പാലത്തിന് താഴെ നിന്നും ലഭിച്ചത്. ചെറുതുരുത്തിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ. പിതാവ്: ഹരിദാസ്. മാതാവ്: ദീപ.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam