
ആലപ്പുഴ: ആലപ്പുഴയിൽ കലക്ടറേറ്റ് മാര്‍ച്ചിനിടെ ആവേശം മൂത്ത് പൊലീസ് ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എട്ടിന്‍റെ പണി കൊടുത്ത് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍. സമരം കഴിഞ്ഞ് ഡിസിസി ഓഫീസിലെത്തിയ നേതാക്കാളും പ്രവര്‍ത്തകരും കാണുന്നത് തല്ലിത്തകര്‍ത്ത അഞ്ച് ബാരിക്കേഡകളുമായി ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന പൊലീസുകാരെ. ഇത് നന്നാക്കി തന്നില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസുകാര്‍ നേതാക്കളെ അറിയിച്ചു. ഇതോടെ ആവേശം മൂത്ത് ബാരിക്കേഡ് തല്ലിപ്പൊളിച്ച യൂത്തുകോണ്‍ഗ്രസുകാര്‍ വെട്ടിലായി.
ഒടുവില്‍ പണിക്കാരെ വെച്ച് ബാരിക്കേഡുകള്‍ നന്നാക്കിത്തരാം എന്ന ഉറപ്പ് നല്‍കി തല്‍ക്കാലം തടിയൂരിയിരിക്കുകയാണ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ഇന്ധന വിലവര്‍ധനക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സമരം. ജലപീരങ്കിയെ പോലും അവഗണിച്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ശക്തമായ ചെറുത്ത് നില്‍പ്പാണ് കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ നടത്തിയത്. സാധാരണ ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതാണ് സമരക്കാകരുടെ പതിവ് സമര രീതി. പക്ഷെ ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസുകാര് ഇന്നലെ ചെയ്തത് ബാരിക്കേഡുകള്‍ തന്നെ തകര്‍ത്ത് അപ്പുറത്തേക്കെത്താനായിരുന്നു.
ബാഹുബലി സ്റ്റൈലിലുള്ള ആക്രമണത്തില്‍ പൊലീസിന്‍റെ അഞ്ച് ബാരിക്കേഡുകളാണ് തകര്‍ന്നത്. ഒപ്പം ഒരു വടവും നശിച്ചു. പ്രതിഷേധ സമരത്തിനൊടുവില്‍ പൊലീസ് എല്ലാവരേയും അറസ്റ്റ്ചെയ്തു സൗത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗതാഗതം തടസ്സപ്പെടുത്തിയതിന് കുറ്റവും ചുമത്തി ജാമ്യത്തില്‍ വിട്ടയച്ച് സ്റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ഇന്‍സ്പെക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ വിളി. അറസ്റ്റിലായവരെ വെറുതെ വിടരുത്, പൊതുമുതല് നശിപ്പിച്ചതിന് അകത്തിടണം. അതല്ലെങ്കില്‍അഞ്ച് ബാരിക്കേഡുകള്‍ നന്നാക്കാന്‍ 65,000 രൂപ ഈടാക്കണം.വ ടം നശിപ്പിച്ചതിന് 5000 വേറെ രൂപയും.
ഇതോടെയാണ് തകര്‍ന്ന ബാരിക്കേഡുകളെല്ലാം പൊലീസുകാര് ഡിസിസി ഓഫീസിന് മുന്നില്‍ കൊണ്ടുപോയി ഇട്ടത്. കേസ് പുകിലായതോടെ കെപിസിസി നേതാക്കള്‍ തന്നെ പ്രശ്നത്തില്‍ ഇടപെട്ടു. പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് വേണ്ട, ബാരിക്കേഡ് ഞങ്ങള്‍ നന്നാക്കിത്തരാം എന്നായി. കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂരടക്കം വിഷയത്തില്‍ ഇടപെട്ട് രാത്രിയോടെ തന്നെ വടം പുതിയത് വാങ്ങിക്കൊടുത്തു.
ഇനി ബാരിക്കേഡുകള്‍ നന്നാക്കണം. ഇതിനായി പണിക്കാര്‍ ഇന്ന് രാവിലെ ഡിസിസി ഓഫീസിലെത്തും. ബാരിക്കേഡിന് എസ് പി പറഞ്ഞത് പോലെ 65, 000 രൂപയൊന്നും വേണ്ടെന്നാണ് ഡിസിസി പറയുന്നത്. വെറും പതിനായിരം രൂപക്ക് ബാരിക്കേഡുകള്‍ നന്നാക്കാമെന്നാണ് ജോലിക്കാരുടെ ഉറപ്പ്. എന്തായാലും എത്ര രൂപ ചെലവായാലും ബാരിക്കേഡുകള്‍ നന്നാക്കി പൊലീസിനെ തിരികെ ഏല്‍പ്പിച്ച് കേസില്‍ നിന്ന് തടിയൂരാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.
Read More : പച്ചക്കറി കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam