
കോട്ടയം : സൈബര്‍ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കടത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരക്ക് നീതിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സൈബർ അധിക്ഷേപത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയുടെ അറസ്റ്റാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതിര്‍ന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായി തിരുവഞ്ചൂർ ആരോപിച്ചു.
പന്ത്രണ്ടോളം യൂത്ത് കോൺഗ്രസ് പ്രവത്തകരാണ് രാവിലെ പത്തരയോടെ എസ് എച്ച് ഒ യെ ഉപരോധിച്ചത്. മുക്കാൽ മണിക്കൂറോളം ഉപരോധം തുടര്‍ന്നു. ഞായറാഴ്ച പെൺകുട്ടി പൊലീസിൽ പരാതി നൽകിയത് മണിക്കൂറുകൾക്കുള്ളിൽ പ്രതി അരുണിന് ചോര്‍ത്തി നൽകിയെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. എന്നാൽ, ചോര്‍ത്തി നൽകിയതല്ലെന്നും അന്ന് തന്നെ പ്രതിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ആതിരയുടെ മരണ വിവരം പുറത്ത് വന്നതിന് പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. അരുണിന്‍റെ അവസാന ടവർ ലൊക്കേഷൻ കോയമ്പത്തൂരിലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയെ പിടികൂടാൻ ഊര്‍ജിതമായ ശ്രമം നടക്കുന്നതായാണ് പൊലീസ് വിശദീകരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് അരുൺ വിദ്യാധരൻ എന്ന മുൻ സുഹൃത്ത് ആതിരയ്ക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തി കുറിപ്പുകളിട്ടതും ആതിരയുടെ ചിത്രങ്ങൾ മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചതും. മറ്റൊരാളുമായി ആതിരയുടെ വിവാഹം ഉറപ്പിച്ചെന്നറിഞ്ഞായിരുന്നു അരുണിന്റെ സൈബർ അധിക്ഷേപം. ഫോണിൽ വിളിച്ചും ഭീഷണി തുടർന്നു. സഹോദരി ഭർത്താവും മണിപ്പൂർ കേഡർ ഐ എ എസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസിന്റെ നിർദ്ദേശപ്രകാരം അന്ന് തന്നെ ആതിര പൊലീസിൽ പരാതി നൽകി. പൊലീസിൽ പരാതി നൽകിയതിനു ശേഷം അക്കാര്യം കൂടി പറഞ്ഞ് അരുൺ ആതിരയെ ഭീഷണിപ്പെടുത്തി. പൊതുവെ മാനസികമായി കരുത്തയായിരുന്ന ആതിര ഇതോടെ സമ്മർദ്ദത്തിലായി. ഒരു മുഴം കയറിൽ ജീവനൊടുക്കുകയായിരുന്നു.
ആതിരയ്ക്ക് നാടിന്റെ യാത്രാമൊഴി; മുങ്ങിയ അരുൺ വിദ്യാധരനായി തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam