ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു; 'മുഖ്യമന്ത്രി വധശ്രമക്കേസി'ല്‍ ജാമ്യഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസ്

By Web TeamFirst Published Jun 17, 2022, 9:26 AM IST
Highlights

മുഖ്യമന്ത്രിയെ സ്പർശിക്കുകയോ അടുത്ത് പോകുകയോ ചെയ്തില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ ആയുധം കൈയ്യിൽ വെക്കുകയോ അക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തിൽ വെച്ച്  ഇ പി ജയരാജനും ഗൺമാനും തങ്ങളെ ക്രൂരമായി മർദ്ദിച്ചു. 

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ ആണ് ഹർജി നൽകിയത്. വധശ്രമ കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 

യാത്രക്കാർക്ക് പുറത്തിറങ്ങാൻ വാതിൽ തുറന്നപ്പോൾ ആണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പർശിക്കുകയോ അടുത്ത് പോകുകയോ ചെയ്തില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ ആയുധം കൈയ്യിൽ വെക്കുകയോ അക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തിൽ വെച്ച്  ഇ പി ജയരാജനും ഗൺമാനും തങ്ങളെ ക്രൂരമായി മർദ്ദിച്ചു. വധശ്രമം എന്ന വകുപ്പ് പോലും നിലനിൽക്കാത്ത കേസാണെന്നും ഹര്‍ജിയില്‍ പറയുന്നു . ഹർജിയിൽ ഇന്ന് വാദം കേൾക്കണം എന്ന് ഹർജിക്കാർ ആവശ്യപ്പെടും.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍  നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി സെക്രട്ടറി ഇത് പറയുന്നത്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നത് ഇപി ജയരാജനും, സുരക്ഷ ജീവനക്കാരും തടഞ്ഞതിനാലാണ് എന്നാണ് കോടിയേരി ലേഖനത്തില്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കും. കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ ആക്രമികള്‍ പാഞ്ഞടുത്ത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിഞ്ഞിരുന്നായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറ‍ഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശം. ഈ നിലപാട് തിരുത്തുന്നതാണ് പുതിയ ദേശാഭിമാനി ലേഖനം.

വിമാനത്തിലെ പ്രതിഷേധത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും പ്രതിഷേധിക്കാന്‍ മൂന്നു പേര്‍ കയറിയ കാര്യം മാധ്യമങ്ങള്‍ മറച്ചുവച്ചെന്നുമുളള ആരോപണം സിപിഎം കേന്ദ്രങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഈ വാദങ്ങളെയെല്ലാം തളളുന്ന കോടിയേരിയുടെ പ്രസ്തവന നേരത്തെ പുറത്ത് വരുന്നത്. പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുമെന്ന കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു. ഇവരെ തടയാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചതെന്നും കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.

click me!